ആംബുലന്‍സ് ഉടമകളുടെ യോഗം ചേര്‍ന്നു

കണ്ണൂർ: കൊറോണയുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ ജില്ലയിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ആംബുലന്‍സുകളുടെ സേവനം വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് ഉടമകള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചു. ജില്ലയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന ആംബുലന്‍സ് ഉടമകളുടെ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമായത്. കൊറോണ ബാധിതരെ ആശുപത്രികളിലെത്തിക്കാനും വിമാനത്താവളങ്ങളില്‍ നിന്നും മറ്റും വൈറസ് ബാധയ്ക്ക് സാധ്യതയുള്ളവരെ വീടുകളില്‍ ഐസൊലേഷനിലേക്ക് അയക്കാനും 108 ആംബുലന്‍സുകളും ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള മറ്റ് ആംബുലന്‍സുകളും മതിയാകാതെ വരുന്ന സാഹചര്യമുണ്ടായാണ് സ്വകാര്യ ആംബുലന്‍സുകളുടെ സഹായം തേടുകയെന്ന് എഡിഎം ഇപി മേഴ്സി അഭ്യര്‍ത്ഥിച്ചു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഉപയോഗിക്കുന്നവര്‍ക്കുള്ള സുരക്ഷാ നിര്‍ദേദശങ്ങള്‍ ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി സന്തോഷ് വിശദീകരിച്ചു. രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴും മറ്റും പേടിക്കേണ്ട ആവശ്യമില്ല. ഈ സമയം ഡ്രൈവര്‍ എന്‍ 95 മാസ്‌ക് ഉപയോഗിച്ചാല്‍ മതിയാകും. എന്നാല്‍ രോഗിയെ ആംബുലന്‍സില്‍ കയറ്റേണ്ടി വരുന്നതുള്‍പ്പെടെയുള്ള സാഹചര്യത്തില്‍ മാസ്‌കും ഗ്ലൗസും ധരിക്കണം. ആവശ്യമെങ്കില്‍ ഈ സമയം സുരക്ഷാ വസ്ത്രങ്ങളും അണിയാം. ഓരോ തവണയും  ആംബുലന്‍സിന്റെ ഉള്‍വശവും വാതിലും ക്ലോറിന്‍ ലായനി ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പലരും മാസ്‌കുകള്‍ അനാവശ്യമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  രോഗിയുമായി സമ്പര്‍ക്കം വരുന്ന സാഹചര്യത്തിലോ ജലദോഷം, ചുമ, തൊണ്ടവേദന എന്നിവയുള്ള സന്ദര്‍ഭങ്ങളിലോ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നും മാസ്‌കുകള്‍, സാനിറ്റൈസര്‍ എന്നിവയുടെ ദുരുപയോഗം തടയണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജൂനിയര്‍ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബി സന്തോഷ്, ജില്ലാ മലേറിയ ഓഫീസര്‍ ഡോ. സുരേഷ്, ഡെപ്യൂട്ടി ഡി എം ഒമാരായ ഡോ. എം പ്രീത, വി സുധീര്‍, ഹുസൂര്‍ ശിരസ്തദാര്‍ പി വി അശോകന്‍ എന്നിവര്‍ സംസാരിച്ചു.