കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 6815 ആയി. വീടുകളിൽ 6791 പേരും ആശുപത്രികളിൽ 24 പേരുമാണ് നിരീക്ഷണത്തിലുളളത്. ശനിയാഴ്ച (മാർച്ച് 21) നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേരെ വിടുതൽ ചെയ്തു. 10 സാമ്പിളുകൾ കൂടി ശനിയാഴ്ച (മാർച്ച് 21) പരിശോധനയ്ക്ക് അയച്ചു. ലഭിച്ച 5 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്. പരിശോധനയ്ക്ക് അയച്ച 387 സാമ്പിളുകളിൽ 354 എണ്ണത്തിന്റെയും ഫലം ലഭിച്ചു. 33 പേരുടെ പരിശോധന ഫലമാണ് ലഭിക്കാനുളളത്.

ജില്ലാ കൺട്രോൾ സെല്ലിക്ക് 622 അന്വേഷണങ്ങൾ ലഭിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നതിനെക്കുറിച്ചുളള പരാതികളാണ് ഇവയിൽ ഏറെയും. പരിശീലനം ലഭിച്ച സൈക്കോ-സോഷ്യൽ കൗൺസിലർമാർ വഴിയുളള കൗൺസലിങ് തുടരുകയാണ്. നിരീക്ഷണത്തിൽ കഴിയുന്നവരെ രോഗബാധിതരായി ചിത്രീകരിക്കുന്നതിലെ പരാതി ചിലർ ഉന്നയിച്ചു. രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയുന്നതിന് ഗ്രാമതലത്തിൽ വിപുലമായ പ്രവർത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപന പ്രതിനിധികൾ, ജനപ്രതിനിധികൾ, ജനമൈത്രി പോലീസ്, ആരോഗ്യപ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം നിരീക്ഷണത്തിലുളളവരുടെ വീടുകൾ സന്ദർശിച്ച് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെയും പൊതുകേന്ദ്രങ്ങളിലെയും ഹെൽപ്പ് ഡസ്‌ക്കുകൾ യാത്രക്കാരെ പരിശോധിച്ച് തുടർനിർദ്ദേശങ്ങൾ നൽകുന്നു. അടിയന്തിര സാഹചര്യം നേരിടുന്നതിന് താമസസൗകര്യമുൾപ്പെടെയുളള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

റേഷൻ സ്റ്റോക്ക് എത്തി
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാർച്ച് മാസത്തെ റേഷൻ വിഹിതം റേഷൻ കടകളിൽ എത്തിച്ചതായി ജില്ലാ സപ്ലൈ ഓഫീസ് അറിയിച്ചു. പൊതുവിതരണ വകുപ്പിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായാണിത്. ഏപ്രിൽ മാസത്തെ റേഷൻ വിഹിതവും ഈ ദിവസങ്ങളിൽ കടകളിലെത്തിക്കും. വ്യാപാരി വ്യവസായി സംഘടന നേതാക്കളുടെ യോഗം വകുപ്പ് വിളിച്ച് ചേർത്തു. പൊതുവിപണയിലെ കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിത വില ഈടാക്കൽ എന്നിവ തടയുന്നതിന് വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കുപ്പിവെളളത്തിന് പരമാവധി വിലയായ 13 രൂപയിൽ കൂടുതൽ ഈടാക്കാൻ അനുവദിക്കില്ല. പൊതുവിപണിയിൽ തുടർച്ചയായി പരിശോധന നടത്തുന്നുണ്ട്. അവശ്യ സർവീസായതിനാൽ എല്ലാ സപ്ലൈ ഓഫീസുകളും തുറന്നു പ്രവർത്തിക്കുന്നതായി അറിയിപ്പിൽ പറയുന്നു.