ഇടുക്കി: കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യം ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ ദൈനംദിന തൊഴില്‍ ഇല്ലാതെയായ നിരവധിപേരാണ് സ്വന്തം വീടുകളില്‍ കഴിഞ്ഞുകൂടുന്നത്.

ലോക്ഡൗണ്‍ അഞ്ചാം ദിവസമായതോടെ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സാമൂഹിക അടുക്കളകള്‍ സജീവമായി. സാമൂഹിക അടുക്കളകളില്‍  പാചകം ചെയ്ത് സന്നദ്ധ സേവകരുടെയും പഞ്ചായത്തംഗങ്ങളുടെയും നേതൃത്വത്തിലാണ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തൊഴിലില്ലാതയവര്‍ക്കും ഭക്ഷണമെത്തിക്കുന്നത്.

ആദ്യദിവസങ്ങളില്‍ ഭക്ഷണം ആവശ്യപ്പെട്ടവര്‍ കുറവായിരുന്നെങ്കിലും വരും ദിവസങ്ങളില്‍ ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കാനിടയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റുമാര്‍ പ്രതികരിച്ചു.

വെള്ളിയാഴ്ച വൈകിട്ടോടെയാണ് സാമൂഹിക അടുക്കളയുടെ പ്രവര്‍ത്തനം പഞ്ചായത്തുകളില്‍ ആരംഭിച്ചത്.  ശനിയാഴ്ച ആവശ്യക്കാരുടെ എണ്ണമനുസരിച്ച് മൂന്ന് നേരം ഭക്ഷണമെത്തിക്കുന്ന തലത്തിലേക്ക് സാമൂഹിക അടുക്കളയുടെ പ്രവര്‍ത്തനം സജീവമായി. കുടുംബശ്രീ, പഞ്ചായത്ത്, കാറ്ററിംഗ് തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് ഭക്ഷണം പാചകം ചെയ്യുന്നത്.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമായ യുവസന്നദ്ധപ്രവര്‍ത്തകരാണ് ഭക്ഷണം ആവശ്യക്കാരുടെ വീടുകളിലെത്തിച്ച് നല്‍കുന്നത്. ഓരോ പഞ്ചായത്തുകളിലും 200ഓളം സന്നദ്ധ പ്രവര്‍ത്തകരാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍നിരയിലുള്ളത്. പഞ്ചായത്തുകളുടെ ആവശ്യാനുസരണം നിലവില്‍ 20 മുതല്‍ 100 പേരെ വരെ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളു. വരും ദിവസങ്ങളില്‍  ആവശ്യക്കാരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ കൂടുതല്‍ പേരെ നിയോഗിച്ചാല്‍ മതിയെന്നാണ് പഞ്ചായത്തുകളുടെ തീരുമാനം.

കുടുംബശ്രീ കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് മിക്കയിടങ്ങളിലും ഭക്ഷണം പാകം ചെയ്യുന്നത്. അരി, പച്ചക്കറി, ഗോതമ്പ്, മൈദ തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ പഞ്ചായത്തും സന്നദ്ധ സംഘടനകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വ്യാപര സംഘടനകള്‍ എന്നിവര്‍ നല്‍കുന്നുണ്ട്. ഭക്ഷണം പാകം ചെയ്യുന്നതിനാവശ്യമായ പാത്രങ്ങള്‍, മറ്റു സൗകര്യങ്ങളും കാറ്ററിംഗ് ഉടമകള്‍ നല്‍കിയതായും കാറ്ററിംഗ് തൊഴിലാളികളുടെ സേവനവും കമ്യൂണിറ്റി കിച്ചനില്‍ ലഭ്യമാകുന്നുണ്ടെന്നും  പ്രസിഡന്റുമാര്‍ അറിയിച്ചു.  സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് സാമൂഹിക അടുക്കളയുടെ പ്രവര്‍ത്തനം.

നെടുംങ്കണ്ടം പഞ്ചായത്തില്‍  അന്യസംസ്ഥാന തൊഴിലാളികള്‍ക്കടക്കം 150 ഓളം പേര്‍ക്ക്  ഭക്ഷണം നല്‍കുന്നതായി പ്രസിഡന്റ് എസ് ജ്ഞാനസുന്ദരം പ്രതികരിച്ചു. 100 ഓളം സന്നദ്ധ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. രാജകുമാരി പഞ്ചായത്തില്‍ 200 ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ സജ്ജമാണെങ്കിലും നിലവില്‍ വാര്‍ഡുതലത്തില്‍ മൂന്നു പേരുടെ പ്രവര്‍ത്തനമാണ് ആവശ്യപ്പെട്ടിരുക്കുന്നത്. വരും ദിവസങ്ങളിലെ സാഹചര്യത്തിനനുസരിച്ച് കൂടുതല്‍ പേരെ ഉള്‍പ്പെടുത്തും. 120 ഓളം പേര്‍ക്ക് ഭക്ഷണം ആവശ്യപ്പെട്ടിരുന്നതായും പഞ്ചായത്തില്‍ സജീവമായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും നിയമപാലനം നടപ്പാക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കുമടക്കം 170 ഓളം പേര്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതായി പ്രസിഡന്റ് ടിസ്സി ബിനു അറിയിച്ചു. രാജക്കാട് പഞ്ചായത്തില്‍  80ഓളം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. നിലവില്‍ 200ഓളം സന്നദ്ധ പ്രവര്‍ത്തകര്‍ രജിസ്ട്രര്‍ ചെയ്തതായും പ്രസിഡന്റ് സതി  കുഞ്ഞുമോന്‍ പറഞ്ഞു. ഉടുമ്പന്‍ചോല പഞ്ചായത്തില്‍ ആദ്യ ദിനങ്ങളില്‍ 25 പേരാണ് ഭക്ഷണം ആവശ്യപ്പെട്ടത്. ആവശ്യനുസരണം ഭക്ഷണമെത്തിക്കാന്‍ 40ഓളം സന്നദ്ധപ്രവര്‍ത്തകരും പഞ്ചായത്തില്‍ സജീവമാണ്.  സേനാപതി പഞ്ചായത്തില്‍ 50  പേര്‍ക്ക് ഭക്ഷണമെത്തിക്കുന്നുണ്ട്. 25ഓളം സന്നദ്ധപ്രവര്‍ത്തകരുടെ സേവനവും ലഭ്യമാണ്.പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളില്‍ ഭക്ഷണം ആവശ്യപ്പെട്ടവര്‍ താരതമ്യേന കുറവാണെങ്കിലും വരും ദിവസങ്ങളില്‍ കൂടുതല്‍പേര്‍ ആവശ്യപ്പെട്ടേക്കുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ വഴി ഭക്ഷണം എത്തിക്കുമെന്നും പ്രസിഡന്റുമാര്‍ അറിയിച്ചു.