സർക്കാർ വകുപ്പുകളുടേയും പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളുടെയും സേവനം പൂർണമായും ഫലപ്രദമായും ജനങ്ങൾക്ക് ലഭ്യമാക്കുന്നത് സംബന്ധിച്ച് മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അധ്യക്ഷനായ ഭരണ പരിഷ്‌കാര കമ്മീഷൻ പൊതുജനാഭിപ്രായം തേടുന്നു.
നിർദേശങ്ങൾ വിശദമായി എത്രയുംവേഗം മെമ്പർ സെക്രട്ടറി, ഭരണ പരിഷ്‌കാര കമ്മീഷൻ, പഴയ നിയമസഭാ മന്ദിരം, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 എന്ന മേൽവിലാസത്തിലോ കമ്മീഷന്റെ വെബ്സൈറ്റായ www.arc.kerala.gov.in, arc4kerala@gmail.com എന്ന വിലാസത്തിലോ ലഭ്യമാക്കണം.
അടിസ്ഥാനതലത്തിലുള്ള വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പോലീസ് സ്റ്റേഷൻ, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ സ്വാധീനമില്ലാത്ത പാവപ്പെട്ടവർക്കും ദുർബല വിഭാഗങ്ങൾക്കും അനവധി ബുദ്ധിമുട്ടുകൾ നേരിടുന്നതായ പ്രശ്നങ്ങൾ സംബന്ധിച്ചാണ് അഭിപ്രായം തേടുന്നത്.