ശാസ്ത്രവും  ഗവേഷണവും  വളര്‍ന്നു കൊണ്ടിരിക്കുന്ന  കാലഘട്ടത്തില്‍  ലോകം ചെറുതാവുകയും  യുവസമൂഹം വലുതാവുകയും ചെയ്യുകയാണെന്ന്  റവന്യൂവകുപ്പു മന്ത്രി  ഇ ചന്ദ്രശേഖരന്‍ പ്രസ്താവിച്ചു.  ഭാവികേരളത്തിന്റെ ഭദ്രത വിദ്യാസമ്പന്നരുടെ  കൈകളിലാണ്. സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ പ്രാപ്തരുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തലാണെന്ന് മന്ത്രി പറഞ്ഞു.  കാസര്‍കോട് ടൗണ്‍ഹാളില്‍ ജില്ലാപഞ്ചായത്ത് സ്റ്റാര്‍ട്ടപ്പ് മിഷന്റെ സഹകരണത്തോടെ  ആരംഭിക്കുന്ന ഇന്‍കുബേഷന്‍  സെന്റര്‍ ആന്റ് ഫ്യൂച്ചര്‍ സ്പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്യൂച്ചര്‍ സ്പാര്‍ക്ക് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനമാണ് നടന്നത്.
പരിമിതികളില്‍ നിന്നാണ്  ജില്ല വളര്‍ന്നുകൊണ്ടിരിക്കുന്നത്.   വികസനപദ്ധതികളില്‍  പലതും കാസര്‍കോട്  ജില്ലയില്‍ നിന്നാംരംഭിച്ച് മറ്റു ജില്ലകളിലേക്ക് പോവുകയെന്ന നയം സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നുണ്ട്.  ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടുക വിദ്യാസമ്പന്നരുടെ  അര്‍ഹത അംഗീകരിച്ച്  അവരെ ഉപയോഗപ്പെടുത്തുന്നതിലൂടെയാണെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു.  ജില്ലാകളക്ടര്‍ ജീവന്‍ബാബു കെ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു.  കേരള സ്റ്റാര്‍ട്ടപ്പ്  മിഷന്‍ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ഡോ. സജി ഗോപിനാഥ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ സ്വാഗതവും സെക്രട്ടറി  പി നന്ദകുമാര്‍ നന്ദിയും പറഞ്ഞു.  രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുളള  ക്ലാസുകളുമുണ്ടായി. നേരത്തെ ഫ്യൂച്ചര്‍ സ്പാര്‍ക്ക് ഇന്‍കുബേഷന്‍ സെന്റര്‍ ഓഫീസ് ജില്ലാപഞ്ചായത്തില്‍ മന്ത്രി  ഉദ്ഘാടനം ചെയ്യുകയുണ്ടായി.