എറണാകുളം: ത്യാഗത്തിന്റെ ഓര്‍മപ്പെടുത്തല്‍ ദിനമായ ദുഃഖവെള്ളി ദിനത്തിലും കളക്ടറേറ്റിലെ കോവിഡ് കൺട്രോൾ റൂമുകൾക്ക് വിശ്രമമുണ്ടായിരുന്നില്ല. മഹാമാരിയുടെ നിഴലരികത്തു നിന്നു പോലും നാടിനെ മാറ്റി നിർത്താനുള്ള സമർപ്പണത്തിന്റെ മറ്റൊരു ദിനം.
ദുഖവെള്ളി മാത്രമല്ല ഈ സ്‌റ്ററും വിഷുവുമെല്ലാം ഈ കൺട്രോൾ റൂമുകളുടെ 24 മണിക്കൂർ പ്രവർത്തനത്തിലൂടെ കടന്നുപോകും.
കോവിഡ് ഭീഷണി പൂര്‍ണമായും വിട്ടൊഴിയുന്നതു വരെ, ലോക്ക് ഡൗണിന്റെ ആകുലതകൾ അകലുന്നതു വരെ ഈ കൺട്രോൾ റൂമുകളിൽ തന്നെ ജില്ലയുടെ ചുക്കാൻ.
രോഗത്തിന്റെ ഭീതി പങ്കുവെക്കുന്ന ഫോണ്‍വിളികള്‍, ക്യാംപുകളിലും മറ്റും ഭക്ഷണത്തിനായുള്ള കാത്തിരിപ്പ്, സ്ഥിതി വഷളായാൽ നേരിടാനുള്ള മുന്നൊരുക്കങ്ങൾ – ഇതിനിടയിൽ അവധികൾക്കെന്തു പ്രസക്തി.
മുറുക്കെ പിടിച്ചിരിക്കുന്ന ചങ്ങലക്കണ്ണികള്‍ക്ക് അയവ് വരുത്താന്‍ ആരോഗ്യ പ്രവർത്തകർ ആഗ്രഹിക്കുന്നില്ല. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും ക്യാംപുകളിലുമെല്ലാം കൃത്യമായി ഭക്ഷണമെത്തിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണം, നിരീക്ഷണത്തില്‍ കഴിയുന്നവരുടെ സുഖ വിവരം തിരക്കണം, വൈകുന്നേരത്തിനു മുമ്പായി കണക്കുകള്‍ തയ്യാറാക്കണം. അതു കൊണ്ടു തന്നെ എല്ലാ ദിവസത്തിലുമെന്ന പോലെ കണ്‍ട്രോള്‍ റൂമുകളെല്ലാം തന്നെ പ്രവര്‍ത്തനസജ്ജമാണ്.
നിരീക്ഷണത്തില്‍ കഴിയുന്ന ആളുകള്‍ക്ക് രോഗലക്ഷണമുണ്ടോയെന്ന് കണ്ടെത്തുക കൂടിയാണ് സർവൈലൻസ് കൺട്രോൾ റൂമിൽ നിന്നുള്ള ഫോൺ വിളികളുടെ പ്രധാന ലക്ഷ്യം. ഒപ്പം അവശ്യ സാധനങ്ങളുടെ കുറവുണ്ടൊയെന്നു തിരക്കണം, ദിവസേന കഴിക്കുന്ന മരുന്നുകള്‍ കഴിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
ജില്ലാ കോൾ സെന്ററിലാകട്ടെ ആശങ്കകള്‍ നിറഞ്ഞ ഫോണ്‍ വിളികള്‍ക്ക് മറുപടി നല്‍കണം, ആശ്വസിപ്പിക്കണം. അവധി ദിനത്തിലും മുടക്കമില്ലാതെ പ്രവര്‍ത്തിക്കുമ്പോള്‍ വലിയൊരു അപകടത്തില്‍ നിന്ന് നാടിനെ കരുതുകയാണെന്ന ആശ്വാസമാണ് ഓരോരുത്തര്‍ക്കും.
കോവിഡ് രോഗം വ്യാപകമായതോടെ അവധി ദിവസങ്ങളോടെല്ലാം ഗുഡ്‌ബൈ പറഞ്ഞിരിക്കുകയാണെന്ന് സര്‍വൈലന്‍സ് റൂമില്‍ പ്രവര്‍ത്തിക്കുന്ന പ്രജിത്ത് പറയുന്നു. പ്രജിത്തിന്റെ മാത്രം കാര്യമല്ലിത്, മറിച്ച് സര്‍വൈലന്‍സ് അടക്കമുള്ള മറ്റ് കണ്‍ട്രോള്‍ റൂമുകളിലെ എല്ലാവരുടെയും അവസ്ഥ കൂടിയാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സേവനവും കണ്‍ട്രോള്‍ റൂമില്‍ വിനിയോഗിക്കുന്നുണ്ട്.
കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയും കണക്കുകള്‍ പരിശോധിച്ചും മറ്റു കാര്യങ്ങള്‍ നിരീക്ഷിച്ചും ജില്ല കളക്ടർ എസ് സുഹാസ് രാവിലെ മുതൽ കളക്ടറേറ്റിലുണ്ടായിരുന്നു. ഡി എം ഒ ഡോ. എൻ.കെ കുട്ടപ്പന്റെ നേതൃത്വത്തിൽ ആ രോഗ്യ വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരും
അതിഥി തൊഴിലാളി കണ്‍ട്രോള്‍ റൂമും സാധാരണ പോലെ പ്രവർത്തിച്ചു
അതിഥി തൊഴിലാളികള്‍ക്കുള്ള കണ്‍ട്രോള്‍ റൂമില്‍ സുപ്രിയ ദേബ് നാഥ് ആണ് താരം, അഞ്ചു ഭാഷകള്‍ കൈകാര്യം ചെയ്യുന്ന സുപ്രിയ ഓരോ ഫോണ്‍ വിളിയിലും ഓരോ ആവശ്യങ്ങള്‍ ആയിരിക്കും തീര്‍പ്പാക്കേണ്ടത്. അത്യാവശ്യമെന്നു തോന്നുന്ന വിവരങ്ങള്‍ അധികാരപ്പെട്ട വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തണം. നാലു വയസ്സുകാരി മകള്‍ക്ക് അമ്മ ദിവസേന പോവുന്നതിന്റെ പരിഭവം ഉണ്ടെങ്കിലും അത് കാര്യമാക്കിയാല്‍ പ്രതീക്ഷയോടെ വിളിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടാവുമെന്നറിയാം. സുപ്രിയക്ക് സഹായങ്ങളുമായി ലേബര്‍ വകുപ്പിലെ ഉദ്യോഗസ്ഥരുമുണ്ട്.
കൗണ്‍സിലിങ്ങിനും ഇളവൊന്നുമില്ല
ലോക്ക് ഡൗണ്‍ ആരംഭിച്ചതോടു കൂടി പലര്‍ക്കും ദിവസവും തീയതിയുമൊന്നും വലിയ നിശ്ചയമില്ലാത്ത അവസ്ഥയാണ്. മാനസികമായി ലോക്ക് ഡൗണിനെ അതിജീവിക്കുക എന്നത് പ്രധാനമാണ്. ആ തിരിച്ചറിവുള്ളതു കൊണ്ടു തന്നെ സമ്മര്‍ദവുായി വിളിക്കുന്ന ഓരോരുത്തരെയും കേള്‍ക്കാനും അവര്‍ക്ക് പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും സജ്ജരായിരിക്കുകയാണ് കണ്‍ട്രോള്‍ റൂമിലെ കൗണ്‍സിലര്‍മാര്‍.