എറണാകുളം: കോവിഡ് രോഗ സാധ്യതയുള്ളവരിൽ നിന്നും സുരക്ഷിതമായി സാമ്പിൾ ശേഖരിക്കുന്നതിന് എറണാകുളം മെഡിക്കൽ കോളേജ് തയാറാക്കിയ വിസ്ക് ( വാക്ക് ഇൻ സാമ്പിൾ കിയോസ്ക് ) സംവിധാനത്തിന് പ്രശംസയുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി മുൻ ഡയറക്ടർ ഡോ. ഡി.ടി. മൗര്യ.

പൊതുജനങ്ങൾക്ക് ഉപകാരപ്രദമാക്കുന്ന രീതിയിൽ ഈ സംവിധാനം രാജ്യമൊട്ടാകെ പ്രചരിപ്പിക്കേണ്ടതാണെന്നും ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. മാത്യൂസ് നുമ്പേലിക്കയച്ച ഇ മെയിൽ സന്ദേശത്തിൽ ഡോ. മൗര്യ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിൽ വൈറോളജി വിഭാഗത്തിന്റെ ചെയർ കൂടിയാണ് പ്രശസ്ത ശാസ്ത്രജ്ഞനും വൈറോളജി വിദഗ്ധനുമായ ഡോ. മൗര്യ.

കഴിഞ്ഞ ജൂണിൽ നിപ രോഗബാധയുണ്ടായപ്പോൾ എറണാകുളം മെഡിക്കൽ കോളേജിൽ പരിശോധനാ സംവിധാനമുണ്ടാക്കാൻ മാർഗനിർദേശം നൽകിയത് ഡോ. ഡി.ടി. മൗര്യയാണ്. പരിശോധന സംബന്ധിച്ച പരിശീലന പരിപാടിക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു.