കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അഭിനന്ദിച്ച് മന്ത്രി എ.സി. മൊയ്തീൻ.  ആരോഗ്യ വകുപ്പുമായും ഇതര വകുപ്പുകളുമായും ചേർന്ന് അക്ഷീണം പ്രവർത്തിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി എല്ലാവരേയും സർക്കാരിനുവേണ്ടി അഭിനന്ദിക്കുന്നതായി മന്ത്രി അറിയിച്ചു.

കോവിഡ് 19 പ്രതിരോധത്തിന് മതിയായ സുരക്ഷാ മുൻകരുതലുകളോടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.  ഇനിയുള്ള ദിവസങ്ങളിൽ അത് കൂടുതൽ ശക്തമാക്കേണ്ടതായി വരും.  ജാഗ്രതയോടെ അർപ്പിതമായ കർത്തവ്യം നിർവഹിക്കാൻ കഴിയണം.

നാട്ടിൽ ഒരാളും പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്ന മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടി കണക്കിലെടുത്തുവേണം  പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താൻ.  കമ്മ്യൂണിറ്റി കിച്ചണുകൾ ഒരുക്കി ഭക്ഷണ വിതരണം നടത്തുന്നതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ ദൗത്യവും ഭംഗിയായി നിർവഹിച്ചുവരികയാണ്.

കേരളം ഒരേ മനസ്സോടെ നടത്തുന്ന ഈ പ്രവർത്തനം ഇതിനോടകം ദേശീയ ശ്രദ്ധ നേടിയതായും മന്ത്രി അറിയിച്ചു.