തൃശൂർ: കോവിഡ് 19 ലോക്ക്ഡൗൺ കാലത്ത് കർഷകർക്ക് തുണയവാൻ വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ കേരളം അഥവാ വിഎഫ്പിസികെ ആരംഭിച്ച ഓൺലൈൻ പച്ചക്കറി വിപണന സംവിധാൻ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ സ്വിച്ചോൺ ചെയ്തു. ഇതിനായി തയ്യാറാക്കിയ മൊബൈൽ ആപ്പ് വഴിയുളള ആദ്യ ബുക്കിങ്ങും വിഷുക്കണിക്കിറ്റ് വിതരണവും മന്ത്രി നിർവഹിച്ചു.

തളിർ എന്ന ബ്രാൻഡ് നെയിമിലാണ് വിഎഫ്പിസികെയുടെ ഓൺലൈൻ വിപണനം. സാമൂഹ്യഅകലം പാലിച്ച് ലോക്ക് ഡൗണിൽ കഴിയുന്ന കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിപണനം ചെയ്യാനാവുന്നു എന്നതാണ് ഓൺലൈൻ വിപണനത്തിന്റെ മേന്മ. മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണിത്.

ആവശ്യക്കാർക്ക് ഉൽപ്പന്നങ്ങൾ ഓർഡർ ചെയ്യാവുന്നതാണ്. പച്ചക്കറി കിറ്റിൽ പാവയ്ക്ക, പടവലങ്ങ, വെള്ളരി, പയർ, മത്തങ്ങ, കുമ്പളങ്ങ, ചേന, നേന്ത്രക്കായ എങ്ങനെ 8 കിലോ പച്ചക്കറികൾക്ക് 250 രൂപയാണ് ചാർജ് ഈടാക്കുന്നത്. പഴവർഗ്ഗ കിറ്റിൽ ഒരു കിലോ നേന്ത്രപ്പഴവും ഓരോ കിലോ വീതം പൈനാപ്പിളും പൂവൻപഴവും ഉൾപ്പെട്ട കിറ്റിന് 125 രൂപയാണ്.
ഇതോടൊപ്പം തന്നെ വിഷുവിനോട് അനുബന്ധിച്ച് പുറത്തിറക്കിയ വിഷുക്കണി കിറ്റിൽ നേന്ത്രപ്പഴം, പൂവൻ പഴം, പൈനാപ്പിൾ, മാമ്പഴം, കണി വെള്ളരി എന്നിവ ഒരുക്കിയിരിക്കുന്നു. അഞ്ച് കിലോയോളം തൂക്കം വരുന്ന ഇവയുടെ വില 225 രൂപയുമാണ്.

ജില്ലയ്ക്കകത്ത് ആവശ്യക്കാർക്ക് നേരിട്ട് ഇവ എത്തിച്ചു നൽകുന്നതായിരിക്കും. ബുക്കിങ്ങിനായി വിളിക്കേണ്ട നമ്പർ 9495637286, 7012810079.