സംസ്ഥാന വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ക്രഷുകളുടെ പ്രവർത്തനത്തിനും ജീവനക്കാരുടെ ഹോണറേറിയത്തിനുമായി 10.35 കോടി രൂപ അനുവദിച്ചതായി ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.

സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 484 ക്രഷുകളിലെ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംഘടിത, അസംഘടിത മേഖലകളിൽ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങളെ പകൽ സമയങ്ങളിൽ സുരക്ഷിതമായി പരിചരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്ത് ക്രഷുകൾ പ്രവർത്തിക്കുന്നത്.

നിലവിലെ 60: 30: 10 രീതിയിൽ കേന്ദ്ര സംസ്ഥാന എൻ.ജി.ഒ. വിഹിതം അനുസരിച്ചാണ് ക്രഷുകളുടെ പ്രവർത്തനം. ഇതനുസരിച്ച് കുടിശികയടക്കമുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്.