ഓരോ പ്രദേശവും അണുമുക്തവും മാലിന്യ മുക്തവും ആക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വീടുകളും പരിസരവും ശുചിയാക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിന്റെ പ്രത്യേകത അനുസരിച്ച് ക്യാമ്പയിൻ സംഘടിപ്പിക്കണം.
അടച്ചിട്ട ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും തുറക്കുന്ന ഘട്ടത്തിൽ അണുവിമുക്തമാക്കുകയും പരിസരമടക്കം ശുചീകരിക്കുകയും വേണം.

കമ്യൂണിറ്റി കിച്ചണുകൾ നല്ല നിലയ്ക്ക് നടക്കുന്നുണ്ട്. അർഹതയുള്ളവർക്കാണ് അവിടെ  ഭക്ഷണം നൽകേണ്ടത്. നേരത്തെ അനർഹരായ ആളുകൾക്ക് കൊടുത്തിട്ടുണ്ടെങ്കിൽ അവരെ ഒഴിവാക്കുന്നതിൽ പ്രശ്‌നമില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാവരുടെയും കൈയിൽ റേഷൻ എത്തിയതിനാൽ കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം വേണ്ട എന്നു പറയുന്ന അവസ്ഥയുണ്ട്.

ജോലിയില്ലാതെ ധാരാളം അതിഥിതൊഴിലാളികളുണ്ട്. പൊതുസ്ഥലങ്ങളിലെ ശുചീകരണത്തിനും  കുളങ്ങൾ, തോടുകൾ എന്നിവയുടെ പുനരുദ്ധാരണത്തിനും അതിഥിതൊഴിലാളികളെ ഉപയോഗിക്കുന്ന കാര്യം പരിശോധിക്കണം. ഇതുവഴി അവർക്ക് ചെറിയ തൊഴിലും വരുമാനവും കിട്ടും.

ലൈഫ് പദ്ധതിയിൽ മുടങ്ങിപ്പോയ വീടുകളുടെ നിർമാണം മഴയ്ക്കു മുൻപെ പൂർത്തിയാക്കണം. ഈ പ്രവൃത്തിക്കും അതിഥിതൊഴിലാളികളെ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണം.
പൊതുശുചീകരണ പ്രവൃത്തികൾക്ക് ശുചിത്വമിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനത്തിൻറെയും ഫണ്ട് ഉപയോഗിക്കാൻ കഴിയുമോ എന്ന് നോക്കണം. ശുചീകരണ പ്രവൃത്തികൾക്ക് ഹരിതസേനയെ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം തുറക്കാൻ അനുമതിയില്ലാത്ത സ്ഥാപനങ്ങൾക്ക് തുറന്ന് വൃത്തിയാക്കാൻ ഒരു ദിവസം അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ഇളവുകളും ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും ശാരീരിക അകലവും പാലിച്ചുകൊണ്ടു മാത്രമേ പ്രയോജനപ്പെടുത്താനാവൂ.  അത്യാവശ്യം വേണ്ട ആളുകളെ മാത്രമേ ജോലിക്ക് നിയോഗിക്കാവൂ. രോഗലക്ഷണമുള്ളവരെ ഒരു കാരണവശാലും ഈ ഇളവിന്റെ പേരിൽ ജോലി ചെയ്യിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.