കണ്ണൂർ: കളിക്കളത്തില്‍  കാണാറുള്ള സ്വതസിദ്ധമായ പുഞ്ചിരിയോടു കൂടിയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സഹല്‍ അബ്ദുള്‍ സമദ് എന്ന ആരാധകരുടെ പ്രിയ ഇന്ത്യന്‍ ഓസില്‍ ജില്ലാ പഞ്ചായത്ത് കോള്‍ സെന്ററില്‍ വളണ്ടിയറായെത്തിയത്. ദിവസങ്ങളായി കോള്‍ സെന്ററിലെ സജീവ പ്രവര്‍ത്തകനായ ഫുട്‌ബോള്‍ താരം സി കെ വിനീതിനോട് കാര്യങ്ങള്‍ ചോദിച്ച്  മനസിലാക്കുമ്പോഴേക്കും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അവശ്യസാധനങ്ങള്‍ക്കായി ആളുകള്‍ വിളിച്ച് തുടങ്ങിയിരുന്നു. കക്കാട് സ്വദേശിയായ കെ എം ദിവാകരന്റേതായിരുന്നു ആദ്യ കോള്‍.

പലവ്യജ്ഞനങ്ങള്‍ ഉള്‍പ്പെടെ 21ലധികം അവശ്യസാധനങ്ങള്‍ക്കായാണ് അദ്ദേഹം വിളിച്ചത്. എത്രയും  വേഗം സാധനങ്ങള്‍ എത്തിച്ചു നല്‍കാമെന്ന് ഉറപ്പ്  നല്‍കി ഫോണ്‍ വെക്കുന്നതിന് മുമ്പ് വിശേഷങ്ങള്‍ തിരക്കാനും സഹല്‍ മറന്നില്ല. മറുതലയ്ക്കല്‍ തങ്ങളുടെ പ്രിയ ഫുട്‌ബോള്‍ താരമാണെന്നറിഞ്ഞ പലര്‍ക്കും ആദ്യം അമ്പരപ്പായിരുന്നു. ചിലര്‍ ലോക് ഡൗണിന്റെ വിഷമതകളെക്കുറിച്ചും വാചാലരായി.

എന്നാല്‍ ഈ  ലോക് ഡൗണ്‍ കാലം  വെറുതേ വീട്ടിലിരിക്കാനുള്ളതല്ലെന്നും സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിക്കാനുള്ള സമയമാണിതെന്നും സഹല്‍ പറയുന്നു.  കോള്‍ സെന്റര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു.
അവശ്യസാധനങ്ങള്‍ക്കായി  ദിനംപ്രതി 200 ഓളം ഫോണ്‍ വിളികളാണ് കോള്‍ സെന്ററില്‍ എത്തുന്നത്. ഇതുവരെ  5420 പേരാണ് വിവിധ ആവശ്യങ്ങളുമായി വിളിച്ചത്. മരുന്നുകള്‍ ആവശ്യപ്പെട്ടുകൊണ്ടാണ് ഏറ്റവും അധികം ആളുകള്‍ വിളിക്കുന്നത്.

കോള്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത് മുതല്‍ ഇതുവരെ 1680 ആളുകള്‍ക്ക് മരുന്നുകള്‍ എത്തിച്ച്  നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 21 ദിവസത്തിനിടയില്‍ 30 കിന്റല്‍ അരി, 60 കിന്റല്‍ ധാന്യങ്ങള്‍, ഏഴ് കിന്റല്‍ ഗോതമ്പ്, 120 കിന്റല്‍ പച്ചക്കറി, 12 കിന്റല്‍ പഴവര്‍ഗങ്ങള്‍, 8000 മുട്ട എന്നിവ  കോള്‍ സെന്ററിലൂടെ വിതരണം ചെയ്തിട്ടുണ്ട്.  ഫോണ്‍ കോളുകളെടുക്കാന്‍ 14 പേരും സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് 20 പേരുമുള്‍പ്പെടെ 34 സന്നദ്ധ പ്രവര്‍ത്തകരാണ് കോള്‍ സെന്ററിന്റെ ഭാഗമായിട്ടുള്ളത്.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട്  പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷ കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂല്‍, സംസ്ഥാന സ്പോട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ഫുട്ബോള്‍ താരം സി കെ വിനീത്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദന്‍ പൃത്തിയില്‍ എന്നിവരും കോള്‍ സെന്ററില്‍ എത്തിയിരുന്നു.