കാക്കനാട്: നിർധനരായ ഡയാലിസിസ് രോഗികൾക്ക് ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ അനുവദിച്ചു. ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് നിലവിൽ ഡയാലിസിസ് ചെയ്യുന്ന സ്വകാര്യ ആശുപത്രികളിൽത്തന്നെ സൗജന്യ ഡയാലിസിസ് സേവനം ലഭ്യമാക്കുന്നതിനാണ് തുക വിനിയോഗിക്കുക.

കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ കാൻസർ ബാധിതർ, അവയവ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയമായവർ മറ്റ് ജീവിത ശൈലീ രോഗമുള്ളവർ , മാനസിക അസ്വസ്ഥതയുള്ളവർ തുടങ്ങിയവർക്കുള്ള അവശ്യമരുന്നുകൾ ലഭ്യമാക്കുന്നതിനായി ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപയും അനുവദിച്ചു.

ഗ്രാമപഞ്ചായത്തുകൾക്ക് 50000 രൂപയും മറ്റ് അവശ്യ വകുപ്പുകൾക്ക് മാസ്ക്, സാനിറ്റൈസർ എന്നിവ വാങ്ങുന്നതിന് 75000 രൂപയും ചെലവഴിച്ചു. കോവിഡ് – 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ പഞ്ചായത്ത് ഇതുവരെ ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ ചിലവഴിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ് , വൈസ് പ്രസിഡൻ്റ് അബ്ദുൾ മുത്തലിബ് എന്നിവർ അറിയിച്ചു.