എറണാകുളം: ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞാലും ജില്ലയിലെ എല്ലാ മേഖലകളിലും നിയന്ത്രണങ്ങൾ ബാധകമാണ്. ഇന്ന് മുതൽ (24-4-20) പുറത്തിറങ്ങുന്നവർ നിർബന്ധമായും മുഖാവരണം ധരിക്കണം. മുഖാവരണം ധരിക്കാത്തവർക്കെതിരെ പോലീസ് നിയമനടപടി സ്വീകരിക്കും.
ജില്ലയിൽ ഹോട്സ് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളുടെ അതിർത്തി പോലീസ് ചുവപ്പ് പെയിന്റടിച്ച് വേർതിരിച്ചിട്ടുണ്ട്. ഹോട്സ് സ്പോട്ട്സ് പ്രദേശങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും. കൊച്ചി നഗരത്തിലെ കലൂർ സൗത്ത് (65), പനയപ്പിള്ളി (8) ഡിവിഷനുകളാണ് ഹോട്സ് സ്പോട്ടുകളായി പ്രഖ്യാപിച്ചിട്ടുള്ളത്.
കൊച്ചി നഗരത്തിന്റെ കോട്ടയം, ആലപ്പുഴ ജില്ലകളുടെ അതിർത്തികളിൽ പരിശോധന ശക്തമാണ്. അതിഥി സംസ്ഥാന തൊഴിലാളികൾ കൂട്ടമായി റോഡിലിറങ്ങുന്ന സാഹചര്യം അനുവദിക്കില്ല. മാനദണ്ഡങ്ങൾ പാലിക്കാതെ ഇവരെ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിനെതിരെ നടപടി സ്വീകരിക്കും. ഐ.ടി മേഖലയിലെ കമ്പനികൾ മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കും. മുൻകാലങ്ങളിലേതുപോലെ ഇത്തരം കമ്പനികൾ പൂർണമായി പ്രവർത്തിക്കാൻ സാധിക്കില്ല. ഓൺ ലൈൻ ടാക്സി സേവനങ്ങൾക്കും അനുമതി നൽകിയിട്ടില്ല.
എല്ലാ മേഖലകളിലും സാമൂഹിക അകലം അടക്കമുള്ള പൊതു മാനദണ്ഡങ്ങൾ ബാധകമായിരിക്കും. ലോക്ക് ഡൗണ്‍ കാലാവധി തീരുന്നതിന് മുന്നോടിയായി മന്ത്രി വി.എസ് സുനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എറണാകളും ജില്ലയുടെ സുരക്ഷാ അവലോകന യോഗത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ്, എസ്. പി കെ. കാര്‍ത്തിക്, ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലി, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ്, അസി. കളക്ടര്‍ എം.എസ് മാധവിക്കുട്ടി, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.