കൊല്ലം ജില്ലയില്‍ മൂന്നു പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍  രോഗബാധയുള്ളവരുടെ എണ്ണം ഒന്‍പത് ആയി. ശാസ്താംകോട്ടയിലെ ഏഴ് വയസുള്ള കുട്ടിയാണ് ഒരാള്‍.  പനപ്പെട്ടി സ്വദേശികളായ കുടുംബം ഷാര്‍ജയില്‍  നിന്നെത്തിയ ശേഷം 28 ദിവസം ഗൃഹ നിരീക്ഷണത്തിലായിരുന്നു. 35-ാം ദിവസമാണ് കുട്ടിക്ക് പോസിറ്റീവായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 24-ാം തീയതി പനിയെ തുടര്‍ന്ന് കുട്ടിയെ ശാസ്താംകോട്ട താലൂക്കാശുപത്രില്‍ എത്തിച്ചു. തുടര്‍ന്ന്  കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. കുട്ടിയുടെ 63 പ്രൈമറി, 12 സെക്കന്ററി കോണ്ടാക്ടുകളും കണ്ടെത്തിയിട്ടുണ്ട്.

തെങ്കാശി പുളയന്‍കുടിയില്‍ സമ്പര്‍ക്കത്തിലൂടെ പോസിറ്റീവായ കുളത്തുപ്പുഴ സ്വദേശിയുടെ (  P10    ) സുഹൃത്തായ  51 കാരനാണ്  രണ്ടാമത്തെ പോസിറ്റീവ്. ഇയാളുടെ 18 പ്രൈമറി, 22 സെക്കന്ററി കോണ്ടാക്ടുകളും കണ്ടെത്തിയിട്ടുണ്ട്. മൂന്നാമത്തെയാള്‍  ചാത്തന്നൂര്‍ സ്വദേശി 47 കാരിയായ ആശ പ്രവര്‍ത്തകയാണ്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി അയച്ച 15 റാന്‍ഡം സാമ്പിളുകളിലൊന്നാണ്  പരിശോധനയില്‍ പോസിറ്റീവായത്. ഇവര്‍ക്ക് രോഗം പകര്‍ന്ന വഴികള്‍ അന്വേഷിച്ചു വരുന്നു.

ഇവരുടെ സാമ്പിളുകള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിലേയ്ക്ക് അയച്ചിരുന്നു. ഇന്നലെ (ഏപ്രില്‍ 25) ഉച്ചയോടെ ഫലം അറിഞ്ഞു. മൂന്നു പേരുടേയും സാമ്പിള്‍ പരിശോധനാഫലം  പോസിറ്റീവായതോടെ  വിദഗ്ദ്ധ പരിചരണത്തിനായി പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ മാതാപിതാക്കളെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എല്ലാ സെക്കന്ററി കോണ്ടാക്ടുകളും കൊറോണ കെയര്‍ സെന്ററുകളില്‍ കര്‍ശന നിരീക്ഷണത്തിലാണ്. ജില്ലയില്‍ ആദ്യമായിട്ടാണ് ഒരു ദിവസം തന്നെ മൂന്നു പേര്‍ക്ക് കോവിഡ് പോസിറ്റീവ് റിപ്പോര്‍ട് ചെയ്യുന്നത്.