തൃശ്ശൂർ ജില്ലയിൽ വീടുകളിൽ 787 പേരും ആശുപത്രികളിൽ 15 പേരും ഉൾപ്പെടെ ആകെ 802 പേരാണ് നിരീക്ഷണത്തിലുളളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുന്നു. ശനിയാഴ്ച (ഏപ്രിൽ 25) നിരീക്ഷണത്തിന്റെ ഭാഗമായി അഞ്ചു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാളെ വിടുതൽ ചെയ്തു.

ശനിയാഴ്ച (ഏപ്രിൽ 25) 9 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1000 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 970 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 30 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 197 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. ശനിയാഴ്ച (ഏപ്രിൽ 25) 51 പേർക്ക് കൗൺസലിംഗ് നൽകി.

ദ്രുതകർമ്മസേനയുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തി. നിരീക്ഷണത്തിലുളളവർക്ക് നിർദ്ദേശങ്ങളും ബോധവൽക്കരണവും നൽകി. ശനിയാഴ്ച (ഏപ്രിൽ 25) 585 വീടുകൾ ദ്രുതകർമ്മസേന സന്ദർശിച്ചു.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 2098 പേരെയും മത്സ്യചന്തയിൽ 1166 പേരെയും പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 132 പേരെയും സ്‌ക്രീൻ ചെയ്തു.

തൃശൂർ നഗരപരിധിയിലുളള എൽഐസി ഓഫീസ്, സ്റ്റേഷനറി ഓഫീസ്, മൃഗശാല തുടങ്ങിയ പ്രദേശങ്ങളിൽ പൊതുസ്ഥലങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് വളണ്ടിയേഴ്‌സിന്റെ സഹകരണത്തോടെ അണുവിമുക്തമാക്കി. ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാലക്കുടിയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.