ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. അന്യ സംസ്ഥാനത്ത് നിന്നടക്കമുള്ള ചരക്ക് വാഹനങ്ങള്‍ ജില്ലയില്‍ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക നിര്‍ദ്ദേശം. എ.ഡി.എം. വി. ഹരികുമാറിന്റെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ പെട്രോള്‍ പമ്പുകളുടെ പ്രതിനിധികളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.

പമ്പില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. കൃത്യമായ ഇടവേളകളില്‍ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കാനും നിര്‍ദ്ദേശം നല്‍കി. പമ്പുകളിലെ ശുചിമുറി, പി.ഒ.എസ്. മെഷീന്‍ എന്നിവയും കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം. ആരോഗ്യ സേതു ആപ്പ് ഉപയോഗിച്ച് ജീവനക്കാരുടെ ആരോഗ്യ സ്ഥിതി രേഖപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

വിവിധ സോണുകളായി തിരിച്ച് പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് കോവിഡ് പ്രതിരോധത്തിന്റെ പ്രത്യേക പരിശീലനവും ഉടന്‍ നല്‍കും. ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം, ഡോ. ശരത്ത്, ബി.പി.സി.എല്‍., ഐ.ഒ.സി., എച്.പി., തുടങ്ങിയ പമ്പുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.