വിദ്യാഭ്യാസ രംഗത്തെ ആഘാതം മറികടക്കുന്നതിന് ശ്രദ്ധേയമായ ഇടപെടലാണ് എ. കെ. പി. സി. ടി. എയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള, എം.ജി, കലിക്കറ്റ്, കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള ഒരു ലക്ഷത്തിൽപരം വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠന സംവിധാനം ഒരുക്കിയിരിക്കുന്നത്. 205 കോഴ്‌സുകളാണ് ഇത്തരത്തിൽ പഠിപ്പിക്കുന്നത്. ആയിരത്തിലധികം അധ്യാപകർ ഇതിന്റെ ഭാഗമായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മോട്ടോർ വാഹനങ്ങളുടെ ത്രൈമാസ നികുതി അടയ്ക്കുന്നതിനുള്ള തീയതി ജൂൺ 15 വരെ നീട്ടി. ടൂറിസ്റ്റ് ബസുകൾ, ഓട്ടോറിക്ഷകൾ, ടാക്‌സി, ചരക്ക് വാഹനങ്ങൾ എന്നിവയ്ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഫെബ്രുവരി ഒന്നിനും ജൂൺ 30 നുമിടയിൽ കാലാവധി അവസാനിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, രജിസ്‌ട്രേഷൻ, പെർമിറ്റ്, ലൈസൻസ് എന്നിവയ്ക്ക് ജൂൺ 30 വരെ സാധുത നൽകി.
സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമുള്ള മാസ്‌ക്കുകളുടെ നിർമാണം പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു. പൊതുസ്ഥലത്ത് മാസ്‌ക്ക് നിർബന്ധമാക്കിയിട്ടുണ്ട്. ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ രണ്ടാം ഘട്ടമായി തുപ്പല്ലേ, തോറ്റുപോകും എന്ന പദ്ധതി ആരംഭിക്കും.