തിരുവനന്തപുരത്തു നിന്നും ജാർഖണ്ഡിലേക്ക് യാത്ര തിരിച്ച അതിഥിതൊഴിലാളികളെ ആശംസകളോടെ യാത്ര അയച്ച് സംസ്ഥാന സഹകരണം ടൂറിസം ദേവസ്വം ബോർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് യാത്രക്കാർക്ക് ആശംസയേകിയത്. യാത്രക്കാരിൽ ചിലർക്ക് റെയിൽവേ ടിക്കറ്റും ഭക്ഷ്യക്കിറ്റും മന്ത്രി നേരിട്ട് കൈമാറി. യാത്രക്കാരിൽ ചിലരോട് കുശലാന്വേഷണം നടത്താനും അദ്ദേഹം മറന്നില്ല. ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കാൻ അദ്ധ്വാനിച്ച ഉദ്യോഗസ്ഥരെ അദ്ദേഹം അഭിനന്ദിച്ചു.

ലോക്ക് ഡൗൺ കാലത്ത് സംസ്ഥാന സർക്കാർ അതിഥിതൊഴിലാളികൾക്ക് വേണ്ടിയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തു. എന്നാൽ നാട്ടിലുള്ള കുടുംബാംങ്ങങ്ങളെ നേരിട്ട് കാണണം എന്നുള്ളതുകൊണ്ട് അവർ തിരികെ പോകാൻ ആഗ്രഹിച്ചിരുന്നു. ഇതുമൂലം ലോക്ക് ഡൗൺ തുടങ്ങിയ സമയം മുതൽ അവരെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ശ്രമം തുടങ്ങിയിരുന്നു. കേന്ദ്ര സർക്കാരിന്റെയും റയിൽവേയുടെയും സംസ്ഥാന മുഖ്യമന്ത്രിമാരുടെയും കൂടിയാലോചനകളുടെ ഫലമായിട്ടാണ് ഇപ്പോൾ അവരെ നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാൻ കഴിഞ്ഞതും അത് ഫലവത്തായി നടപ്പിലാക്കാൻ കഴിഞ്ഞതുംകൊണ്ടാണ് അവരെ ജന്മനാട്ടിലേക്ക് യാത്രയാക്കാൻ  കഴിഞ്ഞതെന്നും അവർക്ക് വേണ്ടിയുള്ള എല്ലാവിധ സൗകര്യങ്ങളും ജില്ലാ ഭരണകൂടവും പോലീസും റെയിൽവേയും മറ്റുള്ളവരും ചേർന്ന് ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൗണ്ടറുകളിൽ മന്ത്രി നേരിട്ടെത്തി കാര്യങ്ങൾ ആരായുകയും വേണ്ടുന്ന നിർദ്ദേശം നൽകുകയും  ചെയ്തു.
കോച്ചുകളിൽ ഇരുന്നവരോട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുകയും കൊറോണ കഴിഞ്ഞ്  അവർക്ക് തിരുവനന്തപുരത്തേക്ക്  തിരിച്ചു വരാൻ കഴിയട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ട്രെയിനിലെ മുഴുവൻപേരെയും  യാത്രയാക്കിയാണ് മന്ത്രി മടങ്ങിയത്.