അതിഥി തൊഴിലാളികളെ അവരുടെ ദേശങ്ങളിലേക്ക് യാത്രയാക്കാനും വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് വരുന്ന പ്രവാസികളെ വരവേല്‍ക്കാനും ജില്ലാ ഭരണകൂടം ഒരുക്കങ്ങള്‍ ഊര്‍ജിതമാക്കി. ഇന്നലെ(മെയ് 2) കലക്ടട്രേറ്റില്‍ കൂടിയ വീഡിയോ സൂം കോണ്‍ഫറന്‍സില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഒരുക്കങ്ങള്‍ വിലയിരുത്തി.
നോര്‍ക്ക പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്യുകയും ജാഗ്രതാ പോര്‍ട്ടല്‍ വഴി അനുമതി വാങ്ങുകയും ചെയ്തവര്‍ക്ക് മാത്രമേ ജില്ലയിലേക്ക് അതിര്‍ത്തിയില്‍ നിന്നും പ്രവേശനം അനുവദിക്കൂ.
തമിഴ്‌നാട് വഴി ജില്ലയിലേക്ക് ആര്യങ്കാവ് ചെക്ക്‌പോസ്റ്റ് വഴി കടന്നുവരുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ സ്വീകരിക്കാന്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തി. കാത്തരിപ്പിനും വാഹന പാര്‍ക്കിങിനും ആരോഗ്യ പരിശോധനയ്ക്കും ഇവിടെ സംവിധാനങ്ങള്‍ ആയി വരുന്നു.
എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍ ചെയര്‍മാനായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് നോഡല്‍ ഓഫീസറായും പ്രവര്‍ത്തിക്കുന്ന സമിതിയുടെ മേല്‍നോട്ടത്തിലാണ് പ്രവാസികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടക്കുന്നത്.
വാഹനങ്ങളില്‍ എത്തുന്നവരുടെ വിവരം ഉദ്യോഗസ്ഥര്‍ സി-ഡാക്ക് വികസിപ്പിച്ച ആപ്പില്‍ ഫോണ്‍ മുഖേന രേഖപ്പെടുത്തും. ഇതില്‍ ഗൃഹനിരീക്ഷണത്തിനയക്കുന്നവര്‍, സര്‍ക്കാര്‍ തിരഞ്ഞെടുത്ത ഇടങ്ങളിലേക്ക് പോകേണ്ടവര്‍, ആശുപത്രികളിലേക്ക് പോകേണ്ടവര്‍ എന്നിങ്ങനെ തരംതിരിച്ച് രേഖപ്പെടുത്തും. ആരോഗ്യ പരിശോധനയ്ക്ക് ശേഷമാവും ആശുപത്രിയിലേക്ക് അയക്കേണ്ടത് നിശ്ചയിക്കുക. ജില്ലയില്‍ വിവിധ ഇടങ്ങളിലേക്കും മറ്റ് ജില്ലകളിലേക്കും പോകുന്നവരെ ആപ്പ് വഴി നിരീക്ഷിക്കാനാവും.
അതിഥി തൊഴിലാളികളുടെ ക്യാമ്പില്‍ വിവരശേഖരണം നടത്തി പോകാന്‍ താത്പര്യപ്പെടുന്നവരുടെ കണക്കെടുത്തു വരുന്നു. നിലവില്‍ പശ്ചിമ ബംഗാളുകാരാണ് കൂടുതല്‍ പേര്‍ പോകാന്‍ തയ്യാറാകുന്നത്. നാലിയിരത്തി എണ്‍പതില്‍പ്പരം(കണക്ക് എടത്തുവരുന്നു). ആസാമിലേക്ക് 960 ല്‍ പ്പരവും ജാര്‍ഖണ്ഡിലേക്ക് 140 ല്‍ പ്പരവും ബീഹാറിലേക്ക് 170 ല്‍പ്പരവും ആളുകള്‍ തയ്യാറായിട്ടുണ്ട്. മറ്റ് ചില സംസ്ഥാനങ്ങളിലേക്ക് വിരലിലെണ്ണാവുന്നവര്‍ മാത്രം.
ഏത് ട്രെയിനിലാണ് യാത്ര നിര്‍ദേശം ലഭിക്കുന്നത് എന്നതും തീയതിയും തീരുമാനിക്കുന്ന മുറയ്ക്ക്  തൊഴിലാളികളെ യാത്രയാക്കും. തഹസീല്‍ദാര്‍മാരുടെ നേതൃത്വത്തില്‍ ക്യാമ്പുകളില്‍ നിന്നും ബസുകളില്‍ ഇവരെ ട്രെയിന്‍ പുറപ്പെടുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിക്കും. യാത്രയ്ക്ക് മുമ്പ് മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും നല്‍കും. നാട്ടിലേക്ക് മടങ്ങാന്‍ സ്വമേധയാ തയ്യാറാക്കുന്നവരെ മാത്രമാണ് യാത്രയാക്കുന്നത്.