ആലപ്പുഴ: ജില്ലയിൽനിന്ന് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾക്കായി ഈ മാസം നാല് ,ആറ് തീയതികളിൽ ട്രയിൻ സൗകര്യമുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി സുധാകരൻ പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജി. വേണുഗോപാൽ, ജില്ലാ കളpressക്ടർ എം. അഞ്ജന, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
അതിഥി തൊഴിലാളികൾക്കായി നാലാം തീയതി ബീഹാറിലേ ക്കും ആറാം തീയതി ഒറീസയിലേക്കുമാണ് ഓരോ ട്രെയിനുകൾ പുറപ്പെടുക. ജില്ലയിൽ 19000 ത്തോളം അതിഥി തൊഴിലാളികൾ ഉണ്ടെന്നാണ് നിലവിലെ കണക്ക്.
വിദേശത്തുനിന്നും മടങ്ങുന്നവരും അന്യസംസ്ഥാനത്ത് പെട്ടുപോയി മടങ്ങുന്ന മലയാളികളും ജില്ലയിൽ തിരിച്ചെത്തുമ്പോൾ ഏർപ്പെടുത്തേണ്ട സൗകര്യങ്ങൾ സംബന്ധിച്ച് യോഗം ചർച്ച ചെയ്തു.
പ്രാഥമിക കണക്ക് പ്രകാരം വിദേശത്തുനിന്നും മടങ്ങുന്ന ജില്ലക്കാരുടെ പ്രതീക്ഷിത എണ്ണം 18908 ആണ് . അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ 7433 പേർ ഉണ്ടാകുമെന്ന് പ്രാഥമികമായി കണക്കാക്കുന്നു. അങ്ങനെ ആകെ 26 341 പേർ ജില്ലയിലേക്ക് എത്തും.
വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നും ജില്ലയിലേക്ക് മടങ്ങിയെത്തുന്നവർക്ക് സൗകര്യങ്ങൾ ഏർപെടുത്തുന്നതിനും ചികിത്സയ്ക്കുമായി മെഡിക്കൽ മാനേജ്മെൻറ് പ്രോട്ടോകോൾ തയ്യാറാക്കാൻ യോഗം തീരുമാനിച്ചു. ഇത്തരം കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് ഒരു ജില്ലാതല കമ്മിറ്റിക്ക് രൂപം നൽകി. ജില്ലാ മെഡിക്കൽ ഓഫീസർ അധ്യക്ഷയായ കമ്മിറ്റിയിൽ ഒരു ഇന്റൻസിവിസ്റ്റ്, അനസ്തീഷ്യോളജിസ്റ്റ്, പൾമനോളജിസ്റ്റ് ,സീനിയർ ഫിസിഷ്യൻ , എൻ. എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ എന്നിവരെ കൂടാതെ ഒരു വിദഗ്ദ്ധ അംഗവും
അടങ്ങിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച ഡോക്ടർ ഉണ്ണികൃഷ്ണൻ കർത്ത ആയിരിക്കും വിദഗ്ധ അംഗം.
പുറത്തു നിന്നു വരുന്നവരെ ആവശ്യമെങ്കിൽ ഐസൊലേഷൻ വാർഡുകളിൽ താമസിപ്പിക്കും. ഇതിനായി നിലവിൽ 7650 ബെഡ്ഡുകൾ കണ്ടെത്തിയിട്ടുണ്ട് . ഇതിലുപരി കൂടുതൽ രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉണ്ടായാൽ 20684 ബെഡ് ഒരുക്കാനുള്ള കെട്ടിടങ്ങളും ഹാളുകളും കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡുകളുടെ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശിച്ചു.
വരുന്നവരെ കർശനമായ പരിശോധനകൾക്ക് വിധേയമാക്കും. രോഗ ലക്ഷണം ഉള്ളവരെ കോവിഡ് ആശുപത്രികളിലേക്ക് മാറ്റും . മറ്റുള്ളവരെ നിരീക്ഷണത്തിൽ വയ്ക്കും. ഇങ്ങനെ എത്തിച്ചേർന്നവർ വീടുകളിൽ തന്നെ ക്വാറന്റെ നിൽ കഴിയുന്നു എന്ന് ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിച്ചു.
റോഡിലും നടപ്പാതയിലും അനധികൃതമായി നടത്തുന്ന കച്ചവടം ഒഴിപ്പിക്കാനും കേസെടുക്കാനും മന്ത്രി നിർദേശം നല്കി.