കേരളാ പോലീസിന്റെ നവീകരിച്ച വെബ്‌സൈറ്റ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പ്രകാശനം ചെയ്തു. നിലവിലുള്ള keralapolice.gov.in എന്ന വിലാസത്തിൽ തന്നെ ലഭിക്കുന്ന വെബ്‌സൈറ്റ് സ്റ്റേറ്റ് ക്രൈം റിക്കാർഡ്‌സ് ബ്യൂറോയിലെ സാങ്കേതിക വിദഗ്ധരാണ് തയ്യാറാക്കിയത്.

നവീകരിച്ച വെബ്‌സൈറ്റിൽ പൊതുജനങ്ങൾക്കും പോലീസ് ഉദേ്യാഗസ്ഥർക്കും പ്രതേ്യകമായി വിഭാഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പോലീസ് ഉദേ്യാഗസ്ഥർ മാത്രം അറിഞ്ഞിരിക്കേണ്ട വകുപ്പുതല ഉത്തരവുകളും സർക്കുലറുകളും ലോഗിൻ ചെയ്ത് മാത്രമേ കാണാൻ കഴിയൂ. പോലീസ് ഉദേ്യാഗസ്ഥർക്ക് നിലവിൽ ഉള്ള അയാപ്‌സ് യൂസർനെയിമും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യാം. നിലവിലുള്ള വെബ്‌സൈറ്റിലെ വിവരങ്ങൾ പുതിയ വെബ്‌സൈറ്റിലേക്ക് പൂർണ്ണമായി മാറ്റുന്നതുവരെ പഴയ വെബ്‌സൈറ്റ് old.keralapolice.gov.in എന്ന വിലാസത്തിൽ ലഭിക്കും.

നവീകരിച്ച വെബ്‌സൈറ്റിൽ വിവരങ്ങൾ ഇനിമുതൽ ഇംഗ്ലീഷിലും മലയാളത്തിലും ലഭിക്കും. പൂർണ്ണമായും ഡൈനാമിക് ആയ വെബ്‌സൈറ്റ് സെർച്ച് എഞ്ചിൻ ഉപയോഗിച്ച് തിരയുന്നവർക്ക് വളരെ എളുപ്പത്തിൽ ലഭ്യമാകും വിധത്തിൽ ആഗോള നിലവാരത്തിലുള്ള സെർച്ച് എഞ്ചിൻ ഒപ്ടിമൈസേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്.

കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കേരള പോലീസ് നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുകയും പ്രതിരോധ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണവും പിന്തുണയും ഉറപ്പാക്കുകയും ചെയ്യാൻ ലക്ഷ്യമിട്ട് കോവിഡ് 19 എന്ന വിഭാഗവും പുതിയ വെബ്‌സൈറ്റിൽ സംവിധാനം ചെയ്തിട്ടുണ്ട്. നിയമ നടപടികളുടെ സ്ഥിതിവിവരക്കണക്കുകൾ, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പത്രക്കുറിപ്പുകൾ, പൊതുജനബോധവൽകരണം ലക്ഷ്യമാക്കി തയ്യാറാക്കിയ വീഡിയോകൾ, സാങ്കേതികവിദ്യ ഉപയോഗിച്ചും അല്ലാതെയും പോലീസ് നടപ്പിലാക്കിയ സംരംഭങ്ങൾ, കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ അവശ്യസന്ദർഭങ്ങളിൽ ബന്ധപ്പെടേണ്ട ഫോൺനമ്പറുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.