നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ഏകോപനത്തിന് റവന്യൂ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ നിര്‍ദ്ദേശം

ആലപ്പുഴ: തങ്ങളുടെ പരിധിയില്‍ നിരീക്ഷണത്തിലും ക്വാറന്റൈനിലും കഴിയുന്നവര്‍ നിശ്ചിത കാലയളവ് നിബന്ധനകള്‍ പാലിച്ച് തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിന് അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി ജി.സുധാകരന്‍ നിര്‍ദ്ദേശം നല്‍കി.

മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലെ നിയമസഭാംഗങ്ങള്‍, ജില്ലാ പഞ്ചായത്തന്റ് പ്രസിഡന്‍റ്, നഗരസഭാ, ബ്ലോക്ക്, പഞ്ചായത്ത് ഭരണ സമിതിയംഗങ്ങള്‍ എന്നിവരുമായി കോവിഡ് സംബന്ധിച്ച പുതിയ സാഹചര്യങ്ങള്‍ വിലയിരുത്തുകയായിരുന്നു മന്ത്രി. കോവിഡ് പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിദേശത്തുനിന്ന് ജില്ലയിലെത്തുന്നവര്‍ക്കും മററ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഏറ്റുവും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്.

സാമൂഹിക അകലം പാലിക്കുക, ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, മാസ്ക് ധരിക്കുക, നിയന്ത്രണങ്ങള്‍ കര്‍ശനായി പാലിക്കുക എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. പ്രവാസികളുടെയും അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരുടെയും ഹോം ക്വാറന്റൈന്‍, ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ അതത് നഗരസഭാ , പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് കൃത്യമായി അപ്പപ്പോള്‍ ലഭിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

തങ്ങളുടെ പരിധിയിലുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ഭക്ഷണം എത്തിക്കേണ്ട ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണെന്ന് മന്ത്രി പറഞ്ഞു. ഇതിനാവശ്യമായ ഫണ്ട് സംബന്ധിച്ച് സര്‍ക്കാര്‍ കൃത്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാല്‍ ജില്ല കളക്ടറുമായി ബന്ധപ്പെടണം. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി വഴി ഫണ്ട് ലഭ്യമാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന സമിതികള്‍ കൃത്യമായി പ്രവര്‍ത്തിക്കണം.

ഇതില്‍ വരുത്തുന്ന കൃത്യവിലോപം ഗുരുതരമായ വീഴ്ചയായി കണക്കാക്കുമെന്ന് മന്ത്രി പറ‍ഞ്ഞു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ക്വാറന്റൈന്‍ ലംഘിക്കുന്നില്ല എന്ന് വാര്‍ഡ് മെമ്പര്‍, ആരോഗ്യ വകുപ്പിന്‍റെ പ്രവര്‍ത്തകര്‍ , അതത് തദ്ദേശ സ്ഥാപന പ്രതിനിധികള്‍, പോലീസ് എന്നിവര്‍ ഉറപ്പാക്കണം.

ആറ് നഗരസഭകളിലും 44 പഞ്ചായത്തുകളിലുമായി 821 മുറികള്‍ ഇപ്പോള്‍ തയ്യാറാണ്. ഇതില്‍ 472 മുറികളില്‍ ആളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ജില്ലയില്‍ 7000 ബഡുകള്‍ തയ്യാറാക്കിയിട്ടുണ്ട്. 20,000 ബഡുകള്‍ ഇടാനുള്ള സ്ഥലവും കണ്ടെത്തിയിട്ടുള്ളതായി മന്ത്രി പറഞ്ഞു. ജില്ല ഇപ്പോള്‍ വരെ കോവിഡ് നേരിടുന്ന കാര്യത്തില്‍ ആത്മ വിശ്വാസത്തോടെയാണ് പ്രവര്‍ത്തിച്ചുവരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹ വ്യാപനം ഉണ്ടാകാതെ നോക്കേണ്ടത് ഏറെ പ്രധാനമാണ്.

ട്രയിന്‍ എത്തിയാല്‍ ആലപ്പുഴയിലിറങ്ങുന്ന യാത്രക്കാരെ നിയന്ത്രിച്ച് പരിശോധനകള്‍ നടത്തുന്നതിന് പ്രത്യേക ക്രമീകരണം ആലപ്പുുഴ റയില്‍ വേ സ്റ്റേഷനില്‍ ഏര്‍പ്പെടുത്തിയതായി ജില്ല കളക്ടര്‍ എം.അഞ്ജന പറഞ്ഞു. സംസ്ഥാനാന്തര യാത്രകള്‍ നിയന്ത്രിക്കുന്നത് കോവിഡ് ജാഗ്രതാ വഴിയാണ്.

ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യാത്തവരെപ്പോലും ജില്ലയില്‍ നിരീക്ഷണത്തിലാക്കാന്‍ കഴിഞ്ഞു. കൃത്യമായ നിരീക്ഷണം ഉറപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും തമ്മിലുള്ള ഏകോപനം അത്യാവശ്യമാണ്. തദ്ദേശ സ്ഥാപനങ്ങള്‍ ശുചിത്വ പരിപാലനത്തിലും മാലിന്യ സംസ്കരണത്തിലും പ്രത്യേക ശ്രദ്ധ നല്‍കണം. ജില്ലയില്‍ ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് 15 പേര്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫ് പറഞ്ഞു.

എം.എല്‍.എമാരായ ആര്‍.രാജേഷ്, സജി ചെറിയാന്‍, ഷാനിമോള്‍ ഉസ്മാന്‍, ധനമന്ത്രി തോമസ് ഐസക്കിന്‍റെ പ്രതിനിധി മഹീന്ദ്രന്‍, പ്രതിപക്ഷ നേതാവിന്‍റെ പ്രതിനിധി ജോണ്‍ തോമസ് എന്നിവരും വീഡിയോകോണ്‍ഫ്രന്‍സില്‍ പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങള്‍ മന്ത്രിയുമായി പങ്കുവച്ചു. എം.എല്‍.എമാരുടെ അഭിപ്രായത്തിന്‍രെ അടിസ്ഥാനത്തില്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് റവന്യൂ വകുപ്പിന്റെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താന്‍ മന്ത്രി ജില്ല കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിന് എം.എല്‍.എ ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച് നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതി ജില്ല കളക്ടര്‍ പരിശോധിക്കും. ദുരന്ത നിവാരണ നിയമപ്രകാരം പെരുമ്പളംവാസികള്‍ക്ക് ജങ്കാര്‍ സര്‍വീസ് അനുവദിക്കുന്ന കാര്യം ജില്ലാ കളക്ടറോട് പരിശോധിക്കാന്‍ നിര്‍ദ്ദേശിച്ചു. മാവേലിക്കരയില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം കോവിഡ് സെന്‍റര്‍ വേണമെന്ന് ആവശ്യവും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, ജില്ല കളക്ടര്‍ എം.അഞ്ജന, ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

കൊയ്ത്ത് 200 ഹെക്ടര്‍ മാത്രം ബാക്കി

ജില്ലയിലെ നെല്ല് കൊയ്ത്ത് അവസാന ഘട്ടത്തിലെത്തിയതായി മന്ത്രി അവലോകന യോഗത്തില്‍ പറഞ്ഞു. ഇത്തവണ സര്‍ക്കാര്‍ കൊയ്ത്ത് അവശ്യസര്‍വീസായി പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ പല തവണ മന്ത്രിതല യോഗം വിളിച്ചിരുന്നു. കോയ്ത്തില്‍ ഇനി 200ഹെക്ടര്‍ മാത്രമാണ് അവശേഷിക്കുന്നത്. ലോക് ഡൗണിനിടയിലാണ് കൊയ്ത്ത് നടപടികള്‍ ഏകദേശം പൂര്‍ത്തിയാക്കാന്‍ നമുക്ക് കഴിഞ്ഞതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 175 കോടി രൂപ കര്‍ഷര്‍ക്ക് നല്‍കിയതായും മന്ത്രി പറഞ്ഞു.

റോഡിലേക്ക് ഇറക്കിവച്ചുള്ള കച്ചവടം അവസാനിപ്പിക്കണം

ദേശീയ പാത കയ്യേറിയുള്ള വഴിയോര കച്ചവടം അവസാനിപ്പിക്കാന്‍ ഉദ്യോഗസ്ഥരും പോലീസും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ടാറിട്ട ഭാഗത്ത് മീന്‍ കച്ചവടം ഉള്‍പ്പടെ നടക്കുന്നത് തടയണം. വാഹന യാത്രക്കാര്‍ റോഡ് നിയമം പാലിക്കുന്നുണ്ടെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാന റോഡുകളുടെ പാര്‍ശ്വങ്ങള്‍ വൃത്തിയാക്കാനും മറ്റും നടപടി സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.