കോവിഡ് കാലത്ത് മൂന്ന് വയസ് മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ പോഷകക്കുറവ് പരിഹരിക്കുന്നതിന് സംസ്ഥാന വനിതാ ശിശുവികസന വകുപ്പും കേരള കാർഷിക സർവകലാശാലയുടെ വെളളാനിക്കര ഹോർട്ടികൾച്ചർ കോളേജിലെ കമ്മ്യൂണിറ്റി സയൻസ് വിഭാഗവും സംയുക്തമായി തയ്യാറാക്കിയ ‘തേനമൃത്’ ന്യൂട്രിബാറുകളുടെ വിതരണത്തിന് തുടക്കംകുറിച്ചു.

സെക്രട്ടറിയേറ്റ് ലയം ഹാളിൽ നടന്ന ചടങ്ങിൽ  കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർക്ക് തേനമൃത് പായ്ക്കറ്റുകൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.  നമ്മുടെ നാട്ടിലെ വളരെയധികം പോഷണക്കുറവുള്ള കുട്ടികളെക്കൂടി ശ്രദ്ധിച്ചു കൊണ്ടു മാത്രമേ കുട്ടികളുടെ ആരോഗ്യം പൂർണമായി സംരക്ഷിക്കാനാകൂവെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു.

ആരോഗ്യം എങ്ങനെ മരുന്നാക്കി മാറ്റാമെന്നതാണ് പ്രധാനമെന്നും ഇതിന്റെ ഭാഗമായാണ് വനിത ശിശുവികസന വകുപ്പുമായി ചേർന്ന് തേനാമൃതം ആവിഷ്‌ക്കരിച്ചതെന്നും മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. ഇത് വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാൻ ശ്രമിക്കുന്നതാണ്. ശുദ്ധമായ തേൻ കുട്ടികൾക്ക് എത്തിക്കുന്ന പദ്ധതിയും നടപ്പിലാക്കുന്ന കാര്യം പരിഗണിച്ച് വരുന്നതായും അദ്ദേഹം പറഞ്ഞു.

സ്ത്രീകളിലേയും കുട്ടികളിലേയും പോഷണക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് തേനമൃത് എന്ന ന്യുട്രി ബാറുകൾ നിർമ്മിച്ച് നൽകുന്നത്. കോവിഡ് പശ്ചാത്തലത്തിൽ പോഷക ന്യൂനതയുള്ള കുട്ടികൾക്ക് വേണ്ടിയാണ് ഈ പോഷക ബാറുകൾ രൂപകൽപന ചെയ്തിരിക്കുന്നത്.

കേരളത്തിലെ 14 ജില്ലകളിൽ  5532 കുട്ടികൾക്ക് വിതരണം ചെയ്യുന്നതിന് 100 ഗ്രാം വീതമുള്ള 1,15,000ൽ പരം ന്യൂട്രി ബാറുകളാണ് വിതരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. 11.50 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിക്കുന്നത്.

കുട്ടികളിലെ അടിസ്ഥാന പോഷകാഹാര പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും പകർച്ച വ്യാധികളെ നേരിടുന്നതിനും പര്യാപ്തമായ രീതിയിലാണ് ഈ പോഷക ബാറുകൾ രൂപപ്പെടുത്തിയിരിക്കുന്നത്. പോഷക സമ്പന്നമായ നിലക്കടല, എള്ള്, റാഗി, സോയ ബീൻസ്, മറ്റു ധാന്യങ്ങൾ, ശർക്കര തുടങ്ങി 12 ഓളം ചേരുവകൾ ഉപയോഗിച്ചാണ് ന്യൂട്രിബാർ ഉണ്ടാക്കിയിരിക്കുന്നത്.

വനിതാ ശിശുവികസന വകുപ്പിന്റെ പ്രതേക നിർദേശ പ്രകാരം നിലവിലുള്ള പ്രതികൂല സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞ നിരക്കിലാണ് സർവകലാശാല ന്യൂട്രിബാറുകൾ നൽകുന്നത്.

സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, സയന്റിസ്റ്റ് ഡോ. ജേക്കബ് ജോൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വെള്ളാനിക്കര കേരള കാർഷിക സർവകലാശാലയിൽ നിന്നും ചീഫ് വിപ്പ് കെ. രാജൻ, വൈസ് ചാൻസലർ ആർ ചന്ദ്രബാബു, ഡയറക്ടർ ഓഫ് റിസർച്ച് ഡോ. പി. ഇന്ദിരാദേവി , ഡോ. സി. നാരായണൻ കുട്ടി, ഐ.സി.ഡി.എസ്. ജില്ലാ പ്രോഗ്രാം ഓഫീസർ ചിത്രലേഖ എന്നിവർ വീഡിയോ കോൺഫറൻസ് വഴി പങ്കെടുത്തു.