* അടിയന്തര പ്രവൃത്തികൾക്ക് 30 ലക്ഷം രൂപ വീതം
പ്രളയ പ്രതിരോധത്തിനായി സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ അടിസ്ഥാനത്തിൽ ഡാമുകളിലെ ജലസംഭരണവും തുറന്നുവിടലും ക്രമീകരിക്കുന്നതിന് നദീതട അടിസ്ഥാനത്തിൽ നിരീക്ഷണ സമിതികൾ രൂപീകരിക്കും. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതിയിൽ ചേർന്ന ജലവിഭവ വകുപ്പ് സെക്രട്ടറി, ചീഫ് എൻജിനീയർമാർ എന്നിവരുടെ യോഗത്തിലാണ് തീരുമാനം.
ജലസേചന വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ നേതൃത്വത്തിൽ എക്‌സിക്യുട്ടീവ് എൻജിനീയർമാരായിരിക്കും ഈ നിരീക്ഷണ സമിതികളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുക. സമായാസമയങ്ങളിൽ യോഗം ചേരുകയും ലഭിക്കുന്ന മഴ, കാലാവസ്ഥ പ്രവചനം അനുസരിച്ച ലഭിച്ചേക്കാവുന്ന മഴ തുടങ്ങിയവ വിശകലനം ചെയ്ത് തുറന്നുവിടേണ്ട ജലത്തിന്റെ അളവ് നിശ്ചയിക്കുകയും ചെയ്യുക ഈ നിരീക്ഷണ സമിതികളായിരിക്കും. നിരീക്ഷണ വിവരങ്ങൾ കൃത്യമായി മേലധികാരികൾക്ക് നൽകുന്നതിനൊപ്പം പൊതുജനങ്ങൾക്ക് ലഭിക്കാനായി ഐഡിആർബിയുടെ വെബ്‌സൈറ്റിലും അപ്ലോഡ് ചെയ്യും.
പ്രളയം നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ഡാമുകളിലെയും റെഗുലേറ്ററുകളിലെയും ജലത്തിന്റെ ഒഴുക്ക് തടസപ്പെടാതിരിക്കാനുള്ള അടിയന്തര പ്രവൃത്തികൾക്കായി ജലസേചന വകുപ്പിലെ എക്‌സിക്യുട്ടീവ് എൻജിനീയർമാർക്ക് 30 ലക്ഷം രൂപ വീതം അനുവദിക്കാനും യോഗത്തിൽ തീരുമാനമായി.
സംസ്ഥാനത്താകെ 24 എക്‌സിക്യുട്ടീവ് എൻജിനീയർമാർക്കാണ് ഈ തുക അനുവദിച്ചത്. മുൻകൂർ പണം ലഭ്യമാക്കുന്നതിനാൽ അടിയന്തര പ്രവൃത്തികൾക്ക് അനുമതി തേടി പണം അനുവദിച്ചുവരുന്നതുവരെയുള്ള കാലതാമസം ഒഴിവാക്കാനാവും.
ഡാമുകളിലെയും റെഗുലേറ്ററുകളിലെയും അത്യാവശ്യ പ്രവൃത്തികൾ, ജലത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പാക്കൽ, ഒടിഞ്ഞുവീണ മരങ്ങളും മറ്റും നീക്കം ചെയ്യൽ തുടങ്ങിയ പ്രവൃത്തികൾ ഇതിൽ ഉൾപ്പെടും.
മലങ്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്.
കല്ലട, പീച്ചി എന്നീ ഡാമുകളുടെ ജല നിരപ്പ് മഴക്കാലത്തിനു മുൻപായി ഉയരുകയാണെങ്കിൽ നിയന്ത്രിക്കുവാനായി ജലം തുറന്നുവിടേണ്ടിവരും. ഇക്കാര്യം ജില്ലാ ഭരണാധികാരികളുമായി ചർച്ച ചെയ്ത് തീരുമാനിക്കാൻ ഡാം എൻജിനീർമാരോട് നിർദ്ദേശിച്ചിട്ടുണ്ട്.
എല്ലാ ദിവസവും രാവിലെ 8 മണി, ഉച്ചയ്ക്ക് 12 മണി, വൈകിട്ട് 4 മണി എന്നീ സമയങ്ങളിൽ ഡാമുകളിലെ ജല നിരപ്പ് രേഖപ്പെടുത്തും. ഇവരുടെ ഉപയോഗത്തിനായി സാറ്റ്‌ലൈറ്റ് ഫോൺ നൽകിക്കഴിഞ്ഞു.
വകുപ്പിന് കീഴിലുള്ള ഡാമുകളിൽ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുകയും മഴക്കാലത്ത് സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച നിർദ്ദേശങ്ങളും ഡാം എൻജിനീർമാർക്ക് കൈമാറുകയും ചെയ്തു.
ഡാം ഗേറ്റുകളുടെ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തിവരുന്നു. അടിയന്തിര സാഹചര്യങ്ങളിൽ ഗേറ്റ് ഓപ്പറേറ്റ് ചെയ്യുന്നതിനായി ഡി.ജി സെറ്റുകൾ ലഭ്യമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.