മണ്‍ട്രോതുരുത്തിനെ എല്ലാ പ്രാഭവത്തോടെയും വീണ്ടെടുക്കാനും പുനഃസൃഷ്ടിക്കാനുമാണ് സംസ്ഥാന സര്‍ക്കാര്‍ പരിശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്‍ട്രോതുരുത്ത് നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പും സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച  ദ്വിദിന ശില്‍പ്പശാല കൊല്ലം ബീച്ച് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്‍ട്രോത്തുരുത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 75 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന തണ്ണീര്‍ത്തട അതോറിറ്റിക്കാണ് ഇതിന്റെ നിര്‍വഹണച്ചുമതല.  പരിസ്ഥിതി സംബന്ധിച്ച നിയമസഭാ സമിതിയുടെ  നിര്‍ദേശങ്ങളും അനുഭാവപൂര്‍വം പരിഗണിക്കും. ഈ ശില്‍പ്പശാലയില്‍നിന്നും ഉരുത്തിരിയുന്ന ഫലപ്രദമായ നിര്‍ദേശങ്ങള്‍ നടപ്പാക്കും.
പശ്ചാത്തലമേഖലയിലെ സമഗ്രവികസനം മുന്‍നിര്‍ത്തി പെരുമണ്‍, കണ്ണങ്കാട്, കൊന്നയില്‍ക്കടവ്, കുതിരമുനമ്പ്, അരിനല്ലുര്‍ പാലങ്ങള്‍ പുതിയ വിഭവസമാഹരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ ഏക ഹയര്‍സെക്കന്ററി സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പെരുങ്ങാലത്ത് പാലത്തിനുവേണ്ടി നാട്ടുകാരുടെ ദീര്‍ഘകാലമായുള്ള കാത്തിരിപ്പ് കൊന്നയില്‍ക്കടവ് പാലം വരുന്നതോടെ സഫലമാകും.  26 കോടി രൂപ ചിലവുവരുന്ന പദ്ധതിയുടെ ടെണ്ടര്‍ നടപടി പൂര്‍ത്തിയായി.
മണ്‍ട്രോതുരുത്തിലെ മുഴുവന്‍ പൊതുമരാമത്ത് റോഡുകളെയും ഉള്‍പ്പെടുത്തി തയ്യാറാക്കിയ 25 കോടി രൂപയുടെ കുണ്ടറ-മണ്‍റോത്തുരുത്ത് റോഡ് പദ്ധതി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണത്തിലേക്ക് കടക്കുകയാണ്. ലോകബങ്കിന്റെ   അധികസാമ്പത്തിക സഹായം ഉപയോഗിച്ച് നിര്‍മിക്കുന്ന ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ കെട്ടിടം, കൃഷിഭവന്‍, ആയുര്‍വേദ ആശുപത്രി, പെരുങ്ങാലം എച്ച്.എസ്.എസ് എന്നിവയുടെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയായിവരുന്നു. ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുളള കിടപ്രം-മുട്ടം പാലവും റോഡും ഇടിയക്കടവില്‍ സമാന്തര പാലവും കൂടി പൂര്‍ത്തിയാകുന്നതോടെ മണ്‍ട്രോതുരുത്തിലെ പശ്ചാത്തലമേഖല ശ്രദ്ധേയ പുരോഗതി കൈവരിക്കും.
വീടുകള്‍ വാസയോഗ്യമാല്ലാതായിത്തീരുന്ന സാഹചര്യത്തിന്  അടിയന്തിര പരിഹാരണം കാണുന്നതിന് ഈ പ്രദേശത്തിന് അനുയോജ്യമായ നിര്‍മ്മാണരീതി ഏതെന്ന് കണ്ടെത്തുന്നതിനുള്ള ഗവേഷണങ്ങള്‍ നടന്നുവരുന്നു. ഉത്പാദനമേഖലയെ സംരക്ഷിക്കാന്‍ പല പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. തെങ്ങുകൃഷി പ്രോത്സാഹനത്തിനായി 70 ലക്ഷം രൂപാ ചെലവില്‍  കേരഗ്രാമം പദ്ധതി നടപ്പാക്കുന്നുണ്ട്. ഇവിടുത്തെ തെങ്ങുകളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനാവശ്യമായ ഗവേഷണങ്ങള്‍ നടത്താന്‍ ശാസ്ത്രസമൂഹം തയാറാകണം. കാര്‍ഷിക സര്‍വകലാശാലയും സി.പി.സി.ആര്‍.ഐ പോലുള്ള സ്ഥാപനങ്ങളും കൃഷിവകുപ്പും ഇതിന് മുന്‍കൈ എടുക്കണം.
ലവണാംശം വര്‍ധിച്ചതു മൂലം അസാധ്യമായ നെല്‍കൃഷി പരിപോഷിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിക്കേണ്ടതുണ്ട്. ഉപ്പിനെ അതിജീവിക്കുന്ന പൊക്കാളി പോലയുള്ള നെല്ലിനങ്ങള്‍ കൃഷി ചെയ്യുവാന്‍ സാധിക്കുമോയെന്ന് പരിശോധിക്കണം. നെല്ല് ഉത്പാദനത്തോടൊപ്പം മത്സ്യസമ്പത്തിന്റെ വളര്‍ച്ചയ്ക്കും ഇത് സഹായകമാകും. ചെമ്മീന്‍കൃഷിയും പ്രോത്സാഹിപ്പിക്കാവുന്നതാണ്.
വേലിയേറ്റ സമയത്ത് ടോയിലറ്റുകള്‍ ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം പരിഗണിച്ച് വെളിയിട വിസര്‍ജ്ജനമുക്ത പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1.25 കോടി രൂപാ ചിലവില്‍ 200 ഓളം ബയോ ടോയിലറ്റുകള്‍ ഇവിടെ നിര്‍മിച്ചിട്ടുണ്ട്.
മണ്‍ട്രോത്തുരുത്തിനെ രക്ഷിക്കാന്‍ വേണ്ടി മാത്രമുള്ള പരിശ്രമമായി ചുരുക്കാതെ സമാന സാഹചര്യങ്ങള്‍ നേരിടുന്ന മേഖലകള്‍ക്കെല്ലാം പ്രയോജനപ്പെടുന്ന വിധത്തില്‍ രാജ്യത്തിനുതന്നെ മാതൃകയായ പദ്ധതിക്കാണ് രൂപം നല്‍കേണ്ടത്-മുഖ്യമന്ത്രി പറഞ്ഞു.
മണ്‍ട്രോത്തുരുത്തിലെ ജനങ്ങള്‍ക്ക് നഷ്ടമായ സൈ്വര്യജീവിതവും പശ്ചാത്തല സൗകര്യങ്ങളും വരുമാന സ്രോതസുകളും ഉറപ്പാക്കേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. തുരുത്തിന്റെ പുനരുദ്ധാരണത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ ജലവിഭവ വകുപ്പിന്റെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ. സോമപ്രസാദ് എം.പി, മുന്‍ എം.പി കെ.എന്‍. ബാലഗോപാല്‍, ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. സുരേഷ് ദാസ്, ആസൂത്രണ ബോര്‍ഡ് അംഗം പ്രഫ. ടി. ജയരാമന്‍, ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, പരിസ്ഥിതി-കാലാവസ്ഥാവ്യതിയാന വകുപ്പ് ഡയറക്ടര്‍ പത്മ മൊഹന്തി, മണ്‍ട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.