എറണാകുളം : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ ഇതുവരെ 2717 സാമ്പിളുകൾ പരിശോധിച്ചു. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായുള്ള പരിശോധന ഒഴിച്ചുള്ളതാണീ കണക്ക്. സെന്റിനൽ സർവെയ്‌ലൻസിന്റെ ഭാഗമായി 154 സാമ്പിളുകൾ ആണ് ഇതു വരെ പരിശോധിച്ചത്. ഇതിൽ 18 പേരുടെ സാമ്പിളുകൾ ഇന്ന് പരിശോധനക്ക് അയച്ചതാണ്. ഏഴ് വിഭാഗം ആളുകളിൽ ആണ് സെന്റിനൽ സർവെയ്‌ലൻസ് നടത്തുന്നത്. പോലീസ്, ആരോഗ്യ പ്രവർത്തകർ , സന്നദ്ധ സേന അംഗങ്ങൾ, ജന പ്രതിനിധികൾ തുടങ്ങിയവരിൽ നിന്നാണ് പ്രധാനമായും സാമ്പിൾ ശേഖരിക്കുന്നത്.

പരിശോധന കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നതിനായി സാമ്പിളുകൾ പൂളിങ് നടത്തിയ ശേഷം ഇപ്പോൾ പരിശോധിക്കുന്നുണ്ട്. കോവിഡ് കെയർ സെന്ററുകളിൽ ആണ് പൂളിങ് പരിശോധന നടത്തുന്നത്. കപ്പലിൽ കൊച്ചി തുറമുഖത്തെത്തിയ 90 പേരുടെ ഉൾപ്പടെ 130 സാമ്പിളുകൾ ആണ് അതിനായി പരിശോധനക്ക് അയച്ചു. അവയിൽ 60 ഫലങ്ങൾ ലഭ്യമായിട്ടുണ്ട്.

കോവിഡ് കെയർ സെന്ററുകളിൽ നേരിട്ട് എത്തിയാണ് ഇത്തരത്തിൽ സാമ്പിളുകൾ ശേഖരിക്കുന്നത്. ഇതിനായി പ്രത്യേക സംവിധാനങ്ങൾ ആരോഗ്യ വകുപ്പ് ക്രമീകരിച്ചു കഴിഞ്ഞു. മൈക്രോ ബയോയോളജിസ്റ്റും ഡോക്ടറും ചേർന്നാണ് സാമ്പിൾ ശേഖരണം നടത്തുന്നത്.