കൊല്ലം ജില്ലയില്‍ ഇന്നലെ(മെയ് 22) ഒരാള്‍ക്ക് കൂടി കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. മെയ് 19 ന് മുംബൈ-തിരുവനന്തപുരം സ്‌പെഷ്യല്‍ രാജധാനി എക്‌സ്പ്രസിലെ യാത്രക്കാരനായ കൊട്ടാരക്കര തലച്ചിറ വെട്ടിക്കവല സ്വദേശിയ്ക്കാണ്(54 വയസ് – ജ30) കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് നിന്നും കെ എസ് ആര്‍ ടി സി ബസില്‍ കൊട്ടാരക്കര എത്തിച്ച ഇദ്ദേഹത്തെ മകന്‍ വീട്ടിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു.
രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് 21 ന് കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ നിന്നും സാമ്പിള്‍ എടുക്കുകയും തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലേക്ക് അയയ്കയും ചെയ്തു. രോഗം സ്ഥിരീകരിച്ചതോടെ പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതോടെ നിലവില്‍ 10 പേരാണ് രോഗം സ്ഥിരീകരിച്ച് പരിചരണത്തിലുള്ളത്. 20 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ മാസ്‌കും സാനിറ്റൈസറും ശീലമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കൈകള്‍ സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകണം. സാമൂഹിക വ്യാപനം സ്വയം നിയന്ത്രണങ്ങളിലൂടെ ചെറുക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.