കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് തൊഴില്‍- എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

കോവിഡ് 19 മായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഇതുവരെ ജില്ലയിലെ വിവിധ വകുപ്പുകള്‍ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. നാം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ ഇനിയും തുടരേണ്ടതുണ്ട്. യാതൊരു അലംഭാവവും ഈ കാര്യങ്ങളില്‍ ഉണ്ടാവാന്‍ പാടില്ല.

കോവിഡിന്റെ കാര്യത്തില്‍ ജില്ലാ ഭരണകൂടം മാതൃകാ പ്രവര്‍ത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. പരസ്പര ഏകോപനത്തോടെയും സഹകരണത്തോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ നാം നടത്തിയിട്ടുണ്ട്. കൂടുതല്‍ കോവിഡ് രോഗികള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണം. പ്രവാസികള്‍ക്കും ഇതരസംസ്ഥാനത്ത് നിന്നു വരുന്നവര്‍ക്കും ആവശ്യമായ ക്വാറന്റയിന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. കോവിഡിന്റെ ഗൗരവ സാഹചര്യം നേരിടാന്‍ കൃത്യമായ മാനേജ്‌മെന്റ് സിസ്റ്റം നിലനിര്‍ത്തണം.

അധിക ജോലി ചെയ്യേണ്ടി വരുന്ന ഉദ്യോഗസ്ഥരുടെ പ്രയാസങ്ങളും നാം മനസ്സിലാക്കണം. കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യാന്‍ പരിചയസമ്പന്നരായ വളണ്ടിയര്‍മാര്‍ അത്യാവശ്യമാണ്. സന്നദ്ധ സേനകള്‍ നിലവില്‍ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് മന്ത്രി പറഞ്ഞു.

നിയമപരമായല്ലാതെ അതിര്‍ത്തി കടന്നെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ സാംബശിവറാവു പറഞ്ഞു അതിര്‍ത്തികളില്‍ കൃത്യമായ പരിശോധന ഉറപ്പു വരുത്തണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. പ്രവാസികള്‍ കൂടുതലായി ജില്ലയിലേക്കെത്തുമ്പോള്‍ അവര്‍ക്കാവശ്യമായ നിരീക്ഷണ കേന്ദ്രങ്ങള്‍ എല്ലാം സജ്ജമാക്കിയിട്ടുണ്ടെന്ന് ഡപ്യൂട്ടി കലക്ടര്‍ (എല്‍ആര്‍) സി ബിജു അറിയിച്ചു.

കോവിഡ് കേസുകള്‍ കൂടുതല്‍ കൈകാര്യം ചെയ്യാനായി മെഡിക്കല്‍ കോളജും ബീച്ച് ആശുപത്രിയും പൂര്‍ണ സജ്ജമാക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, എഡിഎം റോഷ്‌നി നാരായണന്‍, ഡി.എം.ഒ. ഡോ. വി. ജയശ്രീ, സിറ്റി പൊലിസ് കമ്മീഷണര്‍ എ.വി. ജോര്‍ജ്, എ.സി.പി ചൈത്ര തെരേസ ജോണ്‍, റൂറല്‍ എസ്.പി ഡോ. എ ശ്രീനിവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.