നാലുവർഷം പൂർത്തിയാക്കി സർക്കാർ

നാലുവർഷത്തിനിടെ തടസ്സങ്ങളും ദുരന്തങ്ങളും ധാരാളം നേരിടേണ്ടിവന്നെങ്കിലും വികസനരംഗത്തെ ഇവ പ്രതികൂലമായി ബാധിക്കാതെ നോക്കാൻ സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാർ നാലുവർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നാലുവർഷവും വികസനലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള ശ്രമങ്ങൾക്കൊപ്പം ദുരന്തനിവാരണം എന്ന സുപ്രധാന ചുമതല കൂടി ഏറ്റെടുക്കേണ്ടിവന്നു. ഓരോ വർഷവും പുതിയ പ്രതിസന്ധികൾ നേരിടുകയും അവയോട് പൊരുതിയുമാണ് നാം കടന്നുവന്നത്. ഓഖി, നിപ, രണ്ടു പ്രളയങ്ങൾ കോവിഡ് തുടങ്ങിയ പ്രതിസന്ധികൾ വികസനപ്രതീക്ഷകൾക്കും കുതിച്ചുചാട്ടത്തിനും സ്വാഭാവിക വിഘാതം സൃഷ്ടിച്ചു. എന്നാൽ ഒരുഘട്ടത്തിലും പകച്ചുനിൽക്കുകയോ ലക്ഷ്യങ്ങളിൽനിന്ന് തെന്നിമാറുകയോ ചെയ്തില്ല. ജനങ്ങളുടെ ഒരുമയും സാഹോദര്യവുമാണ് നമ്മുടെ സംസ്ഥാനത്തിന്റെ അതിജീവനത്തിനുള്ള പ്രധാന ശക്തിസ്രോതസ്സെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അഞ്ചുവർഷം കൊണ്ട് പൂർത്തീകരിക്കാൻ ഉദ്ദേശിച്ചതിൽ ഭൂരിഭാഗവും തടസ്സങ്ങൾ ഏറെ നേരിട്ടിട്ടും നാലുവർഷം കൊണ്ട് പൂർത്തിയാക്കാനായി. പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ വോട്ടുനേടാനുള്ള അഭ്യാസമല്ല, പാലിക്കാനുള്ളതാണ് എന്ന നിലപാടിലായിരുന്നു സർക്കാർ പ്രവർത്തനങ്ങൾ. അതുകൊണ്ടാണ് ചെയ്ത കാര്യങ്ങൾ വിശദീകരിച്ച് എല്ലാ വർഷവും പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കിയത്. ഈ വർഷത്തെ പ്രോഗ്രസ് റിപ്പോർട്ടും ദിവസങ്ങൾക്കകം പ്രസിദ്ധീകരിക്കും. ഇത്തരത്തിൽ സുതാര്യ ഭരണമാണ് സർക്കാരിന്റെ സവിശേഷത.

കേരളം വിവിധ മേഖലകളിൽ ആർജിച്ച പുരോഗതിയും കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളിൽ തുണയായി. ആരോഗ്യവും, വിദ്യാഭ്യാസവും, ആത്മാഭിമാനവും, ആത്മവിശ്വാസവുമുള്ള ഹരിതാഭമാർന്ന  നവകേരളം ലക്ഷ്യമാക്കിയാണ് നാലു സുപ്രധാന മിഷനുകൾ നേരത്തെ ആരംഭിച്ചത്.

ലൈഫ് മിഷനിലൂടെ ഇതിനകം 2,19,154 വീടുകൾ പൂർത്തിയാക്കി അത്രയും കുടുംബങ്ങൾക്ക് അടച്ചുറപ്പുള്ള പാർപ്പിടമൊരുക്കി. ഭൂമിയും വീടുമില്ലാത്തവർക്ക് പാർപ്പിട സമുച്ചയങ്ങൾ ഉയർത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഈ വർഷം കൊണ്ട് അവയും പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

മത്സ്യത്തൊഴിലാളികൾക്ക് 2450 കോടിയുടെ പുനർഗേഹം ഭവനപദ്ധതിയും ആവിഷ്‌കരിക്കാനായതും സുപ്രധാന നേട്ടമാണ്.
അഞ്ചുവർഷം കൊണ്ടു രണ്ടുലക്ഷം പട്ടയം നൽകുമെന്ന് പ്രഖ്യാപിച്ചതിൽ 1,43,000 പട്ടയം ഇതിനകം നൽകിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി ഇല്ലായിരുന്നെങ്കിൽ കൂടുതൽ നൽകാനാകുമായിരുന്നു. ഈ വർഷം തന്നെ 35,000 പട്ടയം കൂടി നൽകാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

390 കിലോമീറ്റർ നീളത്തിൽ ഒഴുക്കുനിലച്ച പുഴകൾ പുനരുജ്ജീവിപ്പിക്കാനായത് മികച്ച നേട്ടമാണ്. ഇതിനുപുറമേ ഒട്ടനവധി കിണറുകളും, കുളങ്ങളും തോടുകളും ജലാശയങ്ങളും ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കാനായി.
കോവിഡിനെ നേരിടുന്നതിൽ കരുത്തുനൽകിയ പ്രധാനഘടകമാണ് ആർദ്രം മിഷൻ വഴിയുള്ള നേട്ടങ്ങൾ. പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെ ഉന്നതനിലവാരത്തിലേക്ക് ഉയർത്താനായി. ഇവയെല്ലാം ലോകം ഉറ്റുനോക്കുന്ന നിലവാരത്തിലാണിപ്പോൾ.

നിപ വൈറസ് ഭീഷണി നേരിടുന്നതിനൊപ്പം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സ്ഥാപിക്കാനും കഴിഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 15 ശതമാനം ചെലവുകളിൽ വർധനയാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇവിടെയാണ് കേന്ദ്രത്തിൽനിന്ന് അർഹമായ സഹായം ലഭ്യമാകേണ്ടത്. അത് ലഭ്യമാകാത്തത് ഗുരുതരമായ അവസ്ഥയാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.