ആലപ്പുഴ : കോവിഡ് 19, ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ മാറ്റിവച്ച ശേഷിക്കുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ജില്ലയിൽ 195 കേന്ദ്രങ്ങളിലായി തുടങ്ങി. കർശന ആരോഗ്യസുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷകൾ നടത്തുന്നത്. സാമൂഹിക അകലം പാലിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രങ്ങളിൽ എത്തിയത്. കൈകൾ കഴുകി സാനിറ്റൈസർ ഉപയോഗിച്ച ശേഷം തെർമൽ സ്കാനർ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ ശരീര ഊഷ്മാവും പരിശോധിച്ചു. തുടർന്നാണ് പരീക്ഷാമുറികളിലേക്ക് കടത്തിവിട്ടത്. സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി ഒരു മുറിയിൽ 15 മുതൽ 20 വരെ വിദ്യാർത്ഥികളെ മാത്രമെ അനുവദിച്ചിരുന്നുള്ളൂ.
21994 വിദ്യാർത്ഥികളാണ് എസ് എസ് എൽ സി പരീക്ഷ എഴുതുന്നത്. വി.എച്ച്.എസ്.സി യ്ക്കും പരീക്ഷ നടന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിന് ചൊവ്വാഴ്‌ച പരീക്ഷയുണ്ടായിരുന്നില്ല.
എല്ലാ പരീക്ഷാകേന്ദ്രങ്ങളും ഫയർ ഫോഴ്‌സിന്റെ സഹായത്തോടെ മൂന്നു ദിവസം മുൻപ് തന്നെ അണുവിമുക്തമാക്കിയിരുന്നു. പരീക്ഷയുടെ ഇടവേളയിലും അണുനശീകരണം നടത്തി. പരീക്ഷയുടെ ഇടവേളയിൽ വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ നൽകി. സ്കൂളുകളിൽ എത്താൻ ബുദ്ധിമുട്ട് ഉള്ളവർക്കായി കെ എസ് ആർ ടി സി, ജല ഗതാഗത വകുപ്പ് സർവീസ് നടത്തിയിരുന്നു. കൂടാതെ സ്കൂൾ പി ടി എ യുടെ സഹായത്തോടെ വാഹന സംവിധാനവും തയ്യാറാക്കി. സ്കൂൾ ജീവനക്കാർക്ക് പുറമെ പോലീസ്, ഫയർ ഫോഴ്സ്, ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, മുനിസിപ്പാലിറ്റി ഹരിത കർമ സേന പ്രവർത്തകരും വിദ്യാർത്ഥികളെ സുരക്ഷയോടെ പരീക്ഷ മുറികളിൽ എത്തിക്കാനായി മുൻപന്തിയിൽ ഉണ്ടായിരുന്നു. വാഹന സൗകര്യം ലഭ്യമല്ലാത്തവര്‍ക്ക് പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തി.
മാസ്‌ക് താടിയില്‍ കെട്ടിയിട്ടെന്തു കാര്യം;ഉപയോഗത്തിൽ ശ്രദ്ധവേണം
ആലപ്പുഴ: കോവിഡ് 19 ജാഗ്രതാ നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മാസ്‌കിന്റെ ശരിയായ ഉപയോഗം. സോപ്പ് ഉപയോഗിച്ച് ശരിയായ വിധം കൈകള്‍ കഴുകി വൃത്തിയാക്കല്‍, ശാരീരിക അകലം പാലിക്കല്‍ എന്നിവയും രോഗ ബോധ തടയുന്നതിന്‍ പ്രധാനപ്പെട്ടതാണ്. ജില്ലയില്‍ കോവിഡ് 19 കേസുകള്‍ കൂടുന്നതും മുന്‍പത്തേക്കാള്‍ രോഗപകര്‍ച്ചാ ഭീക്ഷണി നിലനില്‍ക്കുന്നതുമായ സാഹചര്യത്തില്‍ മാസ്‌ക് വളരെ കൃത്യമായി ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കഴുത്തിലോ താടിയിലോ മൂക്കിനു താഴെവച്ചോ മാസ്‌ക് കെട്ടുന്നതിലൂടെ ഉപയോഗമൊന്നുമില്ല. അത് ഗുണത്തെക്കാള്‍ ദോഷം വരുത്തി വയ്ക്കും. മൂക്കിനു മുകളിലൂടെ മൂക്കും വായും നന്നായി മൂടിയിരിക്കത്തക്കവിധമാണ് മാസ്‌കുകള്‍ ധരിക്കേണ്ടത്. സര്‍ജിക്കല്‍ മാസ്‌കുകളോ കോട്ടണ്‍ മാസ്‌കുകളോ ധരിക്കാവുന്നതാണ്. സര്‍ജിക്കല്‍ മാസ്‌കുകള്‍ ആറ് മണിക്കൂറിനു ശേഷം ഒരിക്കലും ഉപയോഗിക്കരുത്. ഉപയോഗ ശേഷം മാസ്‌കുകള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. കോട്ടണ്‍ മാസ്‌കുകള്‍ കഴുകി വൃത്തിയാക്കി വെയിലത്തുണക്കിയതിനു ശേഷം ഇസ്തിരിയിട്ട് വീണ്ടും ഉപയോഗിക്കാവുന്നതാണ്.
മാസ്‌കുകള്‍ താടിയിലോ കഴുത്തിലേക്കോ ഇറക്കിവച്ച് യാത്രചെയ്യുന്നതും, കടകളില്‍ പോകുന്നതും സാധാരണയായി കാണുന്നുണ്ട്. അത് ഒരിക്കലും ആശാസ്യമായ പ്രവൃത്തിയല്ല. പരസ്പരം സംസാരിക്കമ്പോഴോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മാസ്‌കുകള്‍ താഴ്ത്തരുത്. മൂക്കിനു താഴെ മാസ്‌ക് കെട്ടിയതു കൊണ്ടും യാതൊരു പ്രയോജനവും ഇല്ല. മാസ്‌ക് ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനുമായി നിരന്തരം സ്പര്‍ശിക്കുന്നുതും തെറ്റാണ്. അങ്ങനെ ചെയ്യുന്നത് രോഗപകര്‍ച്ചാ സാധ്യത വര്‍ദ്ധിപ്പിക്കും.
അത്യാവശ്യകാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ മാസ്‌ക് നിര്‍ബന്ധമായും ശരിയായ വിധം ധരിക്കണം. കടകളില്‍ പോകുന്നമ്പോള്‍ ശരിയായ സാമൂഹിക അകലം പാലിക്കേണ്ടതാണ്. ഒരിക്കലും തിക്കും തിരക്കും കാണിക്കരുത്. തിരിച്ച് വീട്ടില്‍ പ്രവേശിക്കുന്നതിനു മുമ്പ് കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. പ്രായമായവരും കുട്ടികളും, ഗര്‍ഭിണികളും നിര്‍ബന്ധമായി വിടുകളില്‍ തന്നെ കഴിയേണ്ടതും അത്യാവശ്യമാണ്. മറ്റുരോഗങ്ങള്‍ ഉള്ളവരും ദീര്‍ഘകാലമായി മരുന്നുകള്‍ കഴിക്കുന്നവരും വീടുകളില്‍തന്നെ ഇരിക്കണം. കല്യാണം തുടങ്ങിയ ചടങ്ങുകള്‍ ലളിതമായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചു മാത്രമേ നടത്താവു. ലോക്ക്ഡൗണ്‍ ഇളവുകള്‍ ഒരിക്കലും ആഘോഷങ്ങള്‍ക്കോ വിനോദങ്ങള്‍ക്കോ ഉള്ളതല്ല. ജനജീവിതം ദുസ്സഹമാകാതിരിക്കാനുള്ള ഇളവുകളാണിവ. ഇളവുകള്‍ ഒരിക്കലും ദുരുപയോഗം ചെയ്യരുത്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ആരോഗ്യത്തിനുവേണ്ടി ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.