വയനാട്   ജില്ലയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പനമരം പഞ്ചായത്ത് പരിധിയിലെ പള്ളിക്കുന്ന് സ്വദേശികളായ 53, 25 വയസുകാരായ രണ്ട് പുരുഷന്മാരും 50 വയസ്സുള്ള സ്ത്രീയ്ക്കുമാണ് ബുധനാഴ്ച്ച രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാവരും ഒരേ വീട്ടിലെ അംഗങ്ങളാണ്. മഹാരാഷ്ട്രയില്‍ നിന്നും കഴിഞ്ഞ 24 നാണ് ഇവര്‍ മുത്തങ്ങയിലെ പരിശോധന കേന്ദ്രത്തിലെത്തിയത്.

അന്ന് മുതല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ചികില്‍സക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.  അതേസമയം രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ട്രക്ക് ഡ്രൈവര്‍ സാമ്പിള്‍ പരിശോധന നെഗറ്റീവായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. നിലവില്‍ രോഗം സ്ഥിരീകരിച്ച 10 പേര്‍ ഉള്‍പ്പെടെ 15 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലുണ്ട്.

ബുധനാഴ്ച്ച  196 പേരാണ് പുതുതായി നിരീക്ഷണത്തിലായത്. നിലവില്‍ 3807 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 328 ആളുകള്‍ ഉള്‍പ്പെടെ 1634 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 144 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.   ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച 1650 ആളുകളുടെ സാമ്പിളു കളില്‍ 1486 എണ്ണത്തിന്റെ ഫലം ലഭിച്ചു.

1462 എണ്ണം നെഗറ്റീവാണ്. 159 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. സാമൂഹ്യ വ്യാപനം  നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്നും ആകെ 1728 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ഫലം ലഭിച്ച 1429 ഉം നെഗറ്റീവാണ്.

ജില്ലയിലെ 10 അന്തര്‍ സംസ്ഥാന അതിര്‍ത്തി ചെക്ക്  പോസ്റ്റുകളില്‍ 1673 വാഹനങ്ങളിലായി എത്തിയ 2725 ആളുകളെ സ്‌ക്രീനിങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ നേതൃത്വത്തില്‍ ഇന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 400 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി. സാന്ത്വന പരിചരണ പദ്ധതിയുടെ ഭാഗമായി വീടുകളില്‍ കഴിയുന്ന 129  രോഗികള്‍ക്ക്  ആവശ്യമായ പരിചരണം നല്‍കി.