• പിങ്ക് കാർഡിൽ 99.5ശതമാനവും മഞ്ഞ കാർഡിൽ 99.47ശതമാനവും കിറ്റ് കൈപ്പറ്റി

ആലപ്പുഴ: ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ എപ്രില്‍, മെയ് മാസങ്ങളിലെ സൗജന്യ പലവ്യഞ്‌ജന കിറ്റ് വിതരണം ചൊവ്വാഴ്‌ച പൂർത്തിയായപ്പോൾ ജില്ലയിലെ മൊത്തം റേഷൻ കാർഡ് ഉടമകളിൽ 96.8% പേരും കിറ്റ് കൈപ്പറ്റി. മഞ്ഞക്കാർഡ് ഉടമകളിൽ 99.47ഉം പിങ്ക് കാർഡുകാരിൽ 99.5ഉം വെള്ളക്കാർഡുകാരിൽ 92.89ഉം നീലക്കാർഡ് ഉടമകളിൽ 96ഉം ശതമാനം സൗജന്യ കിറ്റ് വാങ്ങി. ആറു താലൂക്കുകളിലായി ഉള്ള മൊത്തം 5,88,270 കാർഡുടമകളിൽ 5,69,534പേരും പലവ്യഞ്ജന കിറ്റ് വാങ്ങിയതായി ജില്ല സപ്ലൈ ഓഫീസർ പി മുരളീധരൻ നായർ അറിയിച്ചു.

ജില്ലയിലെ 40,640 മഞ്ഞ(എ എ വൈ)കാർഡു കാരിൽ 40,426പേരും, 241033 പിങ്ക്(പി എച്ച് എച്ച്) കാർഡുകാരിൽ 2,39,832 പേരും, 163024 വെള്ള(എൻ പി എൻ എസ്)കാർഡുകാരിൽ 151437പേരും, 143573 നീല(എൻ പി എസ്)കാർഡുകാരിൽ 137839പേരുമാണ് പലവ്യഞ്ജന കിറ്റ്  വാങ്ങിയത്.

നാലുവിഭാഗങ്ങളിലായി സൗജന്യ പലവ്യഞ്ജന കിറ്റ് വാങ്ങിയവരുടെ താലൂക്ക് തിരിച്ചുള്ള കണക്ക്: 1.അമ്പലപ്പുഴ താലൂക്ക്- മഞ്ഞ കാർഡ് (എ എ വൈ)വിഭാഗത്തിൽ 7686,പിങ്ക് (പി എച്ച് എച്ച് ) 52559, വെള്ള (എൻ പി എൻ എസ്) 28906,നീല (എൻ പി എസ് ) 28844.കിറ്റ് വാങ്ങിയവർ ആകെ 117995.

2. ചെങ്ങന്നൂർ താലൂക്ക്- മഞ്ഞ കാർഡ് (എ എ വൈ)വിഭാഗത്തിൽ 3796,പിങ്ക് (പി എച്ച് എച്ച് )16325, വെള്ള (എൻ പി എൻ എസ്)17822, നീല (എൻ പി എസ് ) 17111.കിറ്റ് വാങ്ങിയവർ ആകെ 55054.

3.ചേർത്തല താലൂക്ക്-മഞ്ഞ കാർഡ് (എ എ വൈ)വിഭാഗത്തിൽ 9445, പിങ്ക് (പി എച്ച് എച്ച്) 68589, വെള്ള (എൻ പി എൻ എസ്)33507, നീല (എൻ പി എസ് ) 29915 .കിറ്റ് വാങ്ങിയവർ ആകെ 141456.

4. കാർത്തികപ്പള്ളി താലൂക്ക്- മഞ്ഞ കാർഡ് (എ എ വൈ)വിഭാഗത്തിൽ 8531, പിങ്ക് (പി എച്ച് എച്ച്) 43113 , വെള്ള (എൻ പി എൻ എസ്)32109, നീല (എൻ പി എസ് ) 28898.കിറ്റ് വാങ്ങിയവർ ആകെ 112651.

5. കുട്ടനാട് താലൂക്ക്- മഞ്ഞ കാർഡ് (എ എ വൈ)വിഭാഗത്തിൽ 4145 , പിങ്ക് (പി എച്ച് എച്ച്) 24177, വെള്ള (എൻ പി എൻ എസ്) 11212, നീല (എൻ പി എസ് ) 9868. കിറ്റ് വാങ്ങിയവർ ആകെ 49402.

6. മാവേലിക്കര താലൂക്ക്- മഞ്ഞ കാർഡ് (എ എ വൈ) വിഭാഗത്തിൽ 6823, പിങ്ക് (പി എച്ച് എച്ച്) 35069, വെള്ള (എൻ പി എൻ എസ്) 27881, നീല (എൻ പി എസ് ) 23203 . കിറ്റ് വാങ്ങിയവർ ആകെ 92976. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ സപ്ലൈകോയാണ് സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ പാക്ക് ചെയ്ത് റേഷന്‍ കടകളില്‍ വിതരണത്തിനെത്തിച്ചത്.

ട്രോളിംഗ് നിരോധനം ജൂൺ 9 അർദ്ധരാത്രിമുതൽ;
ജില്ലയിൽ കൺട്രോൾ റൂം തുറന്നു

• സൗജന്യ റേഷന് അപേക്ഷിക്കാം

ആലപ്പുഴ: ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 അർധരാത്രി മുതൽ നിലവിൽവരും. ജൂലൈ 31 അർദ്ധരാത്രിവരെ 52 ദിവസത്തേക്കാണ് മൺസൂൺ കാല ട്രോളിങ് നിരോധനം നടപ്പാക്കുക. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആലോചിക്കുന്നതിന് കളക്ട്രേറ്റില്‍ ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയില്‍,‍ പോലീസ്,ട്രേഡ് യൂണിയൻ നേതാക്കള്‍, ഫിഷറീസ് ജില്ലാതല ഉദ്യോഗസ്ഥർ, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു.

ജില്ലയില്‍ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. ഫിഷറീസ് ജില്ലാ ഓഫീസിൽ തുടങ്ങിയ കൺട്രോൾ റൂമിലേക്ക് 04772251103എന്ന നമ്പറിൽ വിളിക്കാം. അപകട വിവരങ്ങൾ ഇവിടെ അറിയിക്കാവുന്നതാണ്. നിരോധന വേളയിൽ കടല്‍ രക്ഷാപ്രവർത്തനങ്ങൾക്കും കടൽ പെട്രോളിനുമായി ജില്ലയിൽ രണ്ട് സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുക്കുവാൻ അനുമതി ലഭിച്ചിട്ടുണ്ട്. പ്രത്യേകം പരിശീലനം ലഭിച്ച 6 മത്സ്യത്തൊഴിലാളി യുവാക്കളെ കടൽ രക്ഷാസേന അംഗങ്ങളായി രക്ഷാപ്രവർത്തനത്തിന് ജില്ലയിൽ നിയോഗിക്കും. വാടകയ്ക്കെടുക്കുന്ന ബോട്ടുകള്‍ അഴീക്കല്‍, ചെല്ലാനം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.

ട്രോളിങ് നിരോധമുള്ള സമയത്ത് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസ്സമുണ്ടാകില്ല. അയൽ സംസ്ഥാന ബോട്ടുകൾ ട്രോളിംഗ് നിരോധനം നിലവിൽ വരുന്നതിനു മുൻപ് കേരളതീരം വിട്ടു പോകുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹാര്‍ബറുകളിലും ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന സ്വകാര്യ ഡീസൽ ബങ്കുകൾ പൂട്ടുന്നതിന് നിര്‍ദ്ദേശം നല്‍കും.

കടൽ രക്ഷയുടെയും തീര സുരക്ഷയുടെയും ഭാഗമായി എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് ഐഡി കാർഡ് അല്ലെങ്കില്‍ ആധാർ രേഖ കയ്യിൽ കരുതണമെന്ന് പ്രത്യേക നിർദ്ദേശം നൽകി. ആവശ്യമായ ജീവൻരക്ഷാ ഉപകരണങ്ങൾ ലൈഫ് ബോയ്, ലൈഫ് ജാക്കറ്റ് തുടങ്ങിയവ ഇല്ലാത്ത യാനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭിക്കുന്നതിന് അതത് ജില്ലകളിലെ മത്സ്യഫെഡ് തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ പ്രവർത്തിക്കാൻ അനുവാദം നൽകും. ഇത്തരത്തില്‍ ജില്ലയിൽ വളഞ്ഞവഴിയും അർത്തുങ്കലും പ്രവർത്തിക്കുന്ന ബങ്കുകൾ തുറക്കാവുന്നതാണ്.

മറൈൻ എൻഫോഴ്സ്മെൻറ് പ്രവർത്തനത്തിന് കൂടുതൽ പോലീസ് സേവനം ആവശ്യമെങ്കിൽ അനുവദിക്കും. ട്രോളിങ് നിരോധന കാലയളവിൽ യന്ത്രവത്കൃത യാനങ്ങളില്‍ പോകുന്ന മത്സ്യത്തൊഴിലാളികൾക്കും പീലിംഗ് തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കുന്നതിനുള്ള അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യ ഭവനുങ്ങളിലും ലഭ്യമാക്കിയിട്ടുണ്ട്. ഡെപ്യൂട്ടി കളക്ടര്‍ എസ്.വിജയന്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുഹൈര്‍, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ‍ തുടങ്ങിയവര്‍ പങ്കെടുത്തു.