10723 പേർ നിരീക്ഷണത്തിൽ

തൃശ്ശൂർ: ആദ്യ കോവിഡ് പോസിറ്റീവ് കേസ് സ്ഥിരീകരിച്ചതിനു ശേഷം ജില്ലയിൽ ഒരു ദിവസം ഏറ്റവും കൂടുതൽ രോഗസ്ഥിരീകരണമുണ്ടായ ദിവസമാണ് വ്യാഴാഴ്ച (മെയ് 28). എഴ് പുതിയ പോസിറ്റീവ് കേസുകൾ ജില്ലയിൽ സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നെത്തിയ 4 പേർക്കും ദോഹയിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കും മുബൈയിൽ നിന്നും ബംഗളുരുവിൽ നിന്നും തിരിച്ചെത്തിയ ഓരോരുത്തർക്കുമാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്.

5 പുരുഷൻമാരും 2 സ്ത്രീകളും ഇതിലുൾപ്പെടുന്നു. അബുദാബിയിൽ നിന്ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (52), വേലൂപ്പാടം സ്വദേശിനി (55), പുതുക്കാട് സ്വദേശി (34), വരാക്കര സ്വദേശി (42) എന്നിവർക്കും ദോഹയിൽ നിന്ന് തിരിച്ചെത്തിയ അന്നമനട സ്വദേശിക്കും (26) രോഗം സ്ഥിരീകരിച്ചു. മുബൈയിൽ നിന്ന് തിരിച്ചെത്തിയ കോലഴി സ്വദേശി (57), ബംഗളുരുവിൽ നിന്ന് തിരിച്ചെത്തിയ കടവല്ലൂർ സ്വദേശിയായ യുവതി (21) എന്നിവരും രോഗം സ്ഥിരീകരിച്ചരിൽ ഉൾപ്പെടുന്നു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 10668 പേരും ആശുപത്രികളിൽ 55 പേരും ഉൾപ്പെടെ ആകെ 10723 പേരാണ് നിരീക്ഷണത്തിലുളളത്. വ്യാഴാഴ്ച (മെയ് 28) നിരീക്ഷണത്തിന്റെ ഭാഗമായി എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് പേരെ ഡിസ്ചാർജ്ജ് ചെയ്തു.

വ്യാഴാഴ്ച (മെയ് 28) അയച്ച 147 സാമ്പിളുകൾ ഉൾപ്പെടെ ഇതു വരെ 2242 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1999 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 243 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. വിവിധ മേഖലയിലുളള 635 ആളുകളുടെയും സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.

397 ഫോൺകോളുകൾ ജില്ലാ കൺട്രോൾ സെല്ലിൽ ലഭിച്ചു. നിരീക്ഷണത്തിലുളളവർക്ക് മാനസിക പിന്തുണയേകുന്നതിനായി സൈക്കോ-സോഷ്യൽ കൗൺസിലർമാരുടെ സേവനം തുടരുന്നുണ്ട്. വ്യാഴാഴ്ച (മെയ് 28) 132 പേർക്ക് കൗൺസലിംഗ് നൽകി.
ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 1268 പേരെയും മത്സ്യചന്തയിൽ 1017 പേരെയും ബസ് സ്റ്റാന്റിലെ പഴവർഗ്ഗങ്ങൾ വിൽക്കുന്ന മാർക്കറ്റിൽ 85 പേരെയും സ്‌ക്രീൻ ചെയ്തു.

യാത്രക്കാരുമായി വന്ന 18 അന്തർസംസ്ഥാന ബസുകൾ 168 യാത്രക്കാരെ തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ ഇറക്കി. നിർദ്ദിഷ്ടപ്രദേശങ്ങളിലെ വീടുകളിലും കോവിഡ് നിരീക്ഷണകേന്ദ്രങ്ങളിലുമാക്കാനുളള സംവിധാനം ചെയ്തു. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 853 പേരെ സ്‌ക്രീൻ ചെയ്തു.

ഡെങ്കിപ്പനി തടയുന്നതിനുളള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടപ്പുറം മേഖലയിൽ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.