വേനല്‍ക്കാലത്ത് ലഘുഭക്ഷണം ശീലമാക്കണമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സംഘടിപ്പിച്ച പകര്‍ച്ച വ്യാധി പ്രതിരോധ ബോധവത്കരണ ക്ലാസില്‍ ഡോ.സ്നിഗ്ദ റോയ് വ്യക്തമാക്കി. പുളിയും ഉപ്പും എരുവും കുറച്ച് മധുരം നിയന്ത്രിതമായി ഉപയോഗിച്ചു കൊണ്ടുളള ആഹാരരീതിയാണ് ചൂടുകാലത്ത് സ്വായത്തമാക്കേണ്ടത്. 10-15 മിനിറ്റില്‍ കൂടാത്ത വിധം ചെറുവ്യായാമം മാത്രം ശീലമാക്കുക. ചൂടൂകാലത്ത് ഉച്ചയുറക്കം നിശ്ചിതസമയം അനുവദനീയമാണ്. ശരീരത്തില്‍ നിര്‍ജ്ജലീകരണം അനുവദിക്കാത്തവിധം വെളളം കുടി ശീലമാക്കണം.ഒരു കാരണവശാലും മലമൂത്രവിസര്‍ജ്ജനം തടഞ്ഞുവെക്കരുത് തുടങ്ങിയ കാര്യങ്ങളാണ് ക്ലാസ്സില്‍ പ്രതിപാദിച്ചത്.
ചൂടുകാലത്തില്‍ നിന്ന് മഴക്കാലത്തേക്ക് മാറുമ്പോഴുളള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണ ക്ലാസില്‍ പ്രതിപാദിച്ചു.
ചൂടുകാലത്തിന്റെ അത്യുച്ചാവസ്ഥയില്‍ നിന്നും മേഘവും ഈര്‍പ്പവരും നിറഞ്ഞ മഴക്കാലത്തിലേക്കുളള പരിണാമം പ്രകൃതിയില്‍ പെട്ടെന്നുളള മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. ഇത്തരം മാറ്റങ്ങള്‍ ഓരോ വ്യക്തിയുടെയും ശാരീരിക അസന്തുലിതാവസ്ഥയ്ക്ക് ആക്കം കൂട്ടുന്നു. ഉപാപചയ പ്രവര്‍ത്തനങ്ങളില്‍ വ്യതിയാനം വരുന്നതുമൂലം ദഹനശേഷി കാര്യമായി കുറയുന്ന സമയം കൂടിയാണ് മഴക്കാലം. ദഹനശേഷിയിലെ കുറവ് വ്യക്തികളുടെ പ്രതിരോധ സംവിധാനത്തെ തളര്‍ത്തുകയും വളരെ എളുപ്പത്തില്‍ രോഗങ്ങള്‍ക്ക് വിധേയമാകാനുളള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം മലിനമായ ഇടങ്ങളില്‍ മഴവെളളം കെട്ടിനില്‍ക്കുന്നതുമൂലം കൊതുകു ജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും പടരാനുളള സാഹചര്യം ഉണ്ടാകും. അതിനാല്‍ അത്തരം സാഹചര്യം ഒഴിവാക്കേണ്ടതുണ്ടെന്നും ക്ലാസ് വ്യക്തമാക്കി.
പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ഡോ.എസ്.ആര്‍.സുനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ ഡോ.കെ.പി ജയകൃഷ്ണന്‍, ഡോ.എ.ഗീത, ഡോ.ഷിന്‍സി, പ്രൊഫ.ഡോ.എന്‍.വി. ശ്രീവത്സ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ക്ലാസിനുശേഷം പൊതുജനങ്ങള്‍ക്കായി സൗജന്യ മരുന്ന് വിതരണവും നടന്നു.