മലമ്പുഴ മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി പുരോഗതി അവലോകനം ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചിറ്റൂരില്‍ ചേര്‍ന്നു. മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂര്‍, മരുതറോഡ്, എന്നീ പഞ്ചായത്തുകളിലായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന വാട്ടര്‍ടാങ്ക്, പൈപ്പ് ലൈന്‍ നീട്ടല്‍ തുടങ്ങിയ പ്രവൃത്തികള്‍, സാങ്കേതിക തടസ്സങ്ങള്‍ നീക്കി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

കൂടാതെ ജലവിഭവവകുപ്പ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഒരാഴ്ചക്കകം നാഷണല്‍ ഹൈവേ ഉള്‍പ്പെടെയുള്ള വകുപ്പ് തല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംയുക്ത യോഗം നടത്താനും മന്ത്രി നിദേശിച്ചു. 2017-ല്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനും സ്ഥലം എം.എല്‍.എ.യുമായ വി എസ് അച്യുതാനന്ദന്റെ ഇടപെടലിലൂടെ കിഫ്ബി അംഗീകരിച്ച 64 കോടിയുടെ പദ്ധതി നടത്തിപ്പിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് ആറ് ഘട്ടങ്ങളിലായി നടപ്പാക്കുന്ന വാട്ടര്‍ ടാങ്ക് നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. യോഗത്തില്‍ അതത് പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥര്‍, വി എസ് അച്യുതാനന്ദന്‍ എം.എല്‍.എ.യുടെ പി എ. എന്‍. അനില്‍കുമാര്‍, സ്റ്റാഫ് അംഗം ശശിധരന്‍, എന്നിവര്‍ പങ്കെടുത്തു.