ന്യൂഡൽഹി : കേരളത്തിലെ റബർ കർഷകർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരം കാണുന്നതിനായി കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത കർമ സേന രൂപീകരിക്കാൻ തീരുമാനം. റബർ കർഷകരുടെ പ്രശ്‌നങ്ങൾക്കു യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടു കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. റബർ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെക്കൂടി ഉൾപ്പെടുത്തിയാകും കർമ സേന രൂപീകരിക്കുന്നത്.

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടേ മേൽനോട്ടത്തിൽ രൂപീകരിക്കുന്ന കർമസേന കേരളത്തിലെ റബർ കർഷകരുടെ പ്രശ്‌നങ്ങളെക്കുറിച്ചു വിശദമായ പഠനം നടത്തുകയും അടിയന്തര പ്രാധാന്യം നൽകി പ്രശ്‌നപരിഹാരമുണ്ടാക്കുകയും ചെയ്യുമെന്ന് യോഗശേഷം കേന്ദ്ര – വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു മാധ്യമങ്ങളോടു പറഞ്ഞു. അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങൾ ഏറ്റവും വേഗത്തിലും ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കേണ്ട കാര്യങ്ങൾ ആ നിലയ്ക്കും പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. കർമസേനയിലേക്കുള്ള കേരളത്തിന്റെ പ്രതിനിധികൾ ആരെന്ന് ഉടൻ നിശ്ചയിച്ചു കേന്ദ്രത്തെ അറിയിക്കുമെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ പറഞ്ഞു.

വിലത്തകർച്ചയിൽ വലയുന്ന കർഷകർക്ക് ആശ്വാസമായി സംസ്ഥാന സർക്കാർ നൽകുന്ന ഉത്പാദക ബോണസ് നിലവിലുള്ള 150ൽനിന്ന് 200 രൂപയാക്കി വർധിപ്പിക്കണമെന്നു കൂടിക്കാഴ്ചയിൽ കൃഷി മന്ത്രി വി.എസ്. സുനിൽ കുമാർ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്നു കേന്ദ്ര മന്ത്രി ഉറപ്പു നൽകി. സ്വാഭാവിക റബറിനെ കാർഷികോത്പന്നമായി അംഗീകരിക്കണമെന്ന കേരളത്തിലെ ആവശ്യം കൂടിക്കാഴ്ചയിൽ ശക്തമായി ഉന്നയിച്ചു. ദേശീയ റബർ നയം പരിഷ്‌കരിക്കുമ്പോൾ ചെറുകിട – നാമമാത്ര കർഷകരുടെ അവകാശങ്ങൾ സംക്ഷിക്കപ്പെടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. റബർ നയം സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നു കൂടിക്കാഴ്ചയിൽ കേന്ദ്ര മന്ത്രി അറിയിച്ചു.

കേന്ദ്ര സർക്കാറിന്റെ ലൈവ്‌ലി ഹുഡ് സെക്യൂരിറ്റി ബോക്‌സിലും രാജ്യാന്തര വാണിജ്യ – വ്യവസായ കരാറുകളിലും സ്വാഭാവിക റബറിനെയും ഉൾപ്പെടുത്തണം, ആസിയാൻ രാജ്യങ്ങളിൽനിന്നുള്ള റബർ ഇറക്കുമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരം കാണണം, റബർ കർഷകരെ സഹായിക്കുന്നതിനു പ്രത്യേക സുരക്ഷാ പാക്കേജ് പ്രഖ്യാപിക്കണം തുടങ്ങിയ ആവശ്യങ്ങളും കൂടിക്കാഴ്ചയിൽ മന്ത്രി വി.എസ്. സുനിൽ കുമാർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് അദ്ദേഹം നിവേദനവും നൽകി. കേരളം ഉന്നയിച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്നു കേന്ദ്ര മന്ത്രി സുരേഷ് പ്രഭു ഉറപ്പു നൽകി. എംപിമാരായ സി.എൻ. ജയദേവൻ, ജോസ് കെ. മാണി, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടീക്കാ റാം മീണ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

കുരുമുളക് വിലയിടിവ് പ്രശ്‌നപരിഹാരമുണ്ടാകുമെന്നു
കേരളത്തിനു കേന്ദ്രത്തിന്റെ ഉറപ്പ്

ന്യൂഡൽഹി : കുരുമുളകിന്റെ വിലയിടിവു മൂലം കർഷകർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്കു പരിഹാരമുണ്ടാകുമെന്നു കേരളത്തിനു കേന്ദ്രത്തിന്റെ ഉറപ്പ്. കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രി സുരേഷ് പ്രഭുവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ഉറപ്പു ലഭിച്ചത്. കുരുമുളക് അടക്കം നാണ്യവിളകളുടെ വിലത്തകർച്ച മൂലം കർഷകർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ടു മന്ത്രി കേന്ദ്രത്തിനു നിവേദനം നൽകി.

കുരുമുളകിന്റെ ചുരുങ്ങിയ ഇറക്കുമതി വില 500 രൂപയായിട്ടും ഇതിന്റെ നേട്ടം കേരളത്തിലെ കർഷകർക്കു ലഭിക്കുന്നില്ലെന്നു കൂടിക്കാഴ്ചയിൽ മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ ചൂണ്ടിക്കാട്ടി. വിപണി വില ഇപ്പോഴും 400 രൂപയിൽ താഴെയാണ്. ഇക്കാര്യം പഠിച്ച് നടപടിയെടുക്കാൻ കേന്ദ്രം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിപണിയിലുണ്ടാകുന്ന ഇത്തരം മാറ്റങ്ങൾ കർഷകർക്ക് ന്യായവില ലഭിക്കുന്നതിനു തടസമാകില്ലെന്നും ഇക്കാര്യം ഉറപ്പുവരുത്തുന്നതിന് എൻഫോഴ്‌സ്‌മെന്റിന്റെ സഹായം ഉപയോഗപ്പെടുത്തുമെന്നും കൂടിക്കാഴ്ചയിൽ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.

തായ്‌ലൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നു ഗുണമേ• കുറഞ്ഞ കുരുമുളക് ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന ആവശ്യവും മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ കേന്ദ്ര വാണിജ്യ – വ്യവസായ മന്ത്രിക്കു മുന്നിൽ വച്ചു. 2014 – 2015 ജൂലായിൽ കിലോഗ്രാമിന് 742 രൂപയായിരുന്ന കുരുമുളക് വില ഇന്ന് 390 രൂപയിലേക്കു കൂപ്പുകുത്തിയിരിക്കുന്നു. സാഹചര്യം ഇതായിരിക്കെ ശ്രീലങ്കയിൽനിന്നടക്കം വൻതോതിൽ കുരുമുളക് വിപണിയിലേക്കെത്തുന്നതു കർഷകർക്കു വലിയ തിരിച്ചടിയായിരിക്കുകയാണ്. രാജ്യത്തെ വിവിധ തുറമുഖങ്ങളിലൂടെ ഈ വർഷം ജനുവരിയിൽ മാത്രം 2200 മെട്രിക് ടൺ കുരുമുളക് ഇറക്കുമതി ചെയ്തതായാണു കണക്ക്. ഈ സാഹചര്യമാണു കുരുമുളക് അടക്കമുള്ള നാണ്യവിളകളുടെ വിലയിടിവിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതു മുൻനിർത്തി രാജ്യത്തേക്കു ഗുണമേ• കുറഞ്ഞ കുരുമുളക് ഇറക്കുമതി ചെയ്യാനുള്ള തീരുമാനത്തിൽനിന്നു പി•ാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ ഉന്നയിച്ച് അദ്ദേഹം കേന്ദ്ര മന്ത്രി സുരേഷ് പ്രഭുവിനു നിവേദനവും നൽകി. എംപിമാരായ സി.എൻ. ജയദേവൻ, ജോസ് കെ. മാണി, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടീക്കാ റാം മീണ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

‘കുട്ടനാട് രണ്ടാം ഘട്ടം : കുട്ടനാടിന്റെ കൃഷി – ആവാസവ്യവസ്ഥാ
സംരക്ഷണത്തിനായി 97 കോടിയുടെ പദ്ധതി അംഗീകരിക്കണം’

ന്യൂഡൽഹി : കുട്ടനാട് രണ്ടാംഘട്ട പാക്കെജിന്റെ ഭാഗമായി മേഖലയുടെ കൃഷിയും ആവാസ വ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള പൈലറ്റ് പാക്കേജായി 97 കോടിയുടെ പദ്ധതി അംഗീകരിക്കണമെന്നു കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ കേന്ദ്ര കൃഷി മന്ത്രി രാധാ മോഹൻ സിംഗിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അദ്ദേഹം നിവേദനം നൽകി.

കുട്ടനാടിന്റെ ആവാസ വ്യവസ്ഥയും കൃഷിയും സംരക്ഷിക്കുന്നതിനും മേഖലയിൽ വർധിച്ചുവരുന്ന പാരിസ്ഥിതിക തകർച്ച തടയുന്നതിനും കുട്ടനാടൻ ജലാശയങ്ങളിൽ നെൽകൃഷിക്കും മത്സ്യകൃഷിക്കും ഭീഷണിയാകുന്ന കുളവാഴ അടക്കമുള്ള കളകളുടെ നിർമാർജനമാണു മുഖ്യ പരിഗണന നൽകി നടപ്പാക്കേണ്ടത്. ഇക്കാര്യത്തിൽ കേന്ദ്ര കൃഷി മന്ത്രിയുമായി നേരത്തെ നടത്തിയ കൂടിക്കാഴ്ച പ്രകാരമുള്ള തീരുമാനപ്രകാരം തയാറാക്കിയ വിശദമായ പദ്ധതിരേഖയും(ഡിപിആർ) കേന്ദ്ര സർക്കാറിനു സമർപ്പിച്ചു. കൃഷി വകുപ്പിനു വേണ്ടി ഇന്റർനാഷണൽ റിസേർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ ഫോർ ബിലോ സീലെവൽ ഫാമിങ് എന്ന സ്ഥാപനമാണു പദ്ധതിക്കായി ഡിപിആർ തയാറാക്കിയത്.