തിരുവനന്തപുരം  ജില്ലയിൽ വരുംദിവസങ്ങളിൽ കോവിഡ് പ്രതിരോധത്തിന് കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ  കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുജനങ്ങൾ കൂട്ടംകൂടുന്നത് സാമൂഹ വ്യാപന ഭീഷണി ഉയർത്തുന്നുണ്ട്.
ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കളക്ടറുടെ ചേംബറിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ  സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം മണക്കാട്, ഐരാണിമുട്ടം ഭാഗങ്ങളിൽ രോഗവ്യാപനമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. സ്ഥിതിഗതികൾ വിലയിരുത്തി പ്രാദേശികമായി കർശന നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലയിലെ എംഎൽഎമാരുടെ യോഗം വിളിക്കും. കോർപ്പറേഷൻ കൗൺസിലർമാരുടെ യോഗവും ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ യോഗവും ചേരും. തീരദേശ മേഖലയിലെ സ്‌ക്രീനിംഗ് ശക്തമാക്കും. പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്നതിനായി ജില്ലയിലെ സ്വകാര്യ ആശുപത്രികൾ, കേരള സർവകലാശാലയുമായി ബന്ധപ്പെട്ട ലാബുകൾ, തുടങ്ങിയവ പ്രയോജനപ്പെടുത്തും.

രോഗവ്യാപനത്തെക്കുറിച്ച് ബോധവാന്മാരാണെങ്കിലും അത് വകവയ്ക്കാതെ പൊതുജനങ്ങൾ നിരത്തിലിറങ്ങുന്നത് ഒഴിവാക്കണം. രോഗവ്യാപനം തടയുന്നതിന് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും സഹകരണം മന്ത്രി അഭ്യർഥിച്ചു. ജില്ലാകളക്ടർ നവ് ജ്യോത് ഖോസ, സിറ്റി പോലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ, നിയുക്ത ഡിസിപി ഡോ. ദിവ്യ ഗോപിനാഥ്, സ്ഥാനമൊഴിയുന്ന ഡിസിപി കറുപ്പുസ്വാമി, എഡിഎം വി.ആർ. വിനോദ്, ഡപ്യൂട്ടി കളക്ടർമാർ, ഡിഎംഒ പി.പി.പ്രീത തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.