ആലപ്പുഴ :പാലിയേറ്റീവ് കെയർ രംഗത്ത് അർഹരായ എല്ലാവർക്കും സഹായമെത്തിച്ചു മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത് മാതൃകയാകുന്നു. ഒരു കോടിയിൽപരം രൂപയുടെ സഹായമാണ് കഴിഞ്ഞ അഞ്ചു വർഷത്തിനകം ബ്ലോക്ക്‌ പഞ്ചായത്തിൽ നിന്നും നൽകിയത്. അംഗവൈകല്യമുള്ളവർക്ക് 2018-2019 കാലഘട്ടത്തിൽ മുച്ചക്ര വാഹനങ്ങൾ, ശ്രവണ വൈകല്യമുള്ളവർക്കായി ശ്രവണ സഹായി, കൂടാതെ അടുത്തിടെ അർഹരായവർക്ക് ഇലക്ട്രിക് വീൽചെയർ എന്നിവയും നല്‍കി.

പാലിയേറ്റീവ് കെയർ നടത്താനിരുന്ന വിനോദ യാത്ര അവശരായവരെയും പങ്കെടുപ്പിക്കുന്നതിന് പ്രയാസമുള്ളതിനാൽ ഒഴിവാക്കി, പകരം വിനോദ ദിനാചരണമായി നടത്തി. ബ്ലോക്കിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിൽ അംഗവൈകല്യമുള്ളവർക്കും ഭിന്നശേഷിക്കാർക്കുമായി ക്യാമ്പ് നടത്തി. ക്യാമ്പിനായി പ്രത്യേക സജ്ജീകരണങ്ങളാണ് ബ്ലോക്കിന്റെ നേതൃത്വത്തിൽ ഒരുക്കിയത്. ഇതിനുപുറമെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനായി എല്ലാ പഞ്ചായത്തുകളിലും ഒരു പ്രത്യേകദിനം തിരഞ്ഞെടുത്ത് അവരുടെ പരിപാടികൾ അവതരിപ്പിക്കുകയും അവർക്ക് ട്രോഫികൾ വിതരണം ചെയ്ത് പ്രോത്സാഹനം നൽകിയതും ഇവയിൽ ചിലതാണ് .

അവശരായ എല്ലാവരെയും കണ്ടെത്തി സഹായിക്കാൻ വളരെ സുസജ്ജമായ ക്രമീകരണമാണ് ഉള്ളതെന്നും മുതുകുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആർ ആനന്ദൻ പറഞ്ഞു.