എറണാകുളം : പ്രതിരോധകുത്തിവെയ്പ് എടുക്കാൻ ചുമതലയുള്ള ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കാൻ ഉള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി. എസ്. സുനിൽ കുമാർ ആവശ്യപ്പെട്ടു. ജില്ലയിൽ ഇമ്മ്യൂണസേഷൻ നടത്തിയ ആരോഗ്യ പ്രവർത്തകക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന വീഡിയോ കോണ്ഫറൻസിൽ ആണ് മന്ത്രി നിർദേശം മുന്നോട്ട് വെച്ചത്.
വിമാന താവളങ്ങളിൽ കെ. എസ്. ആർ. ടി. സി ബസുകളുടെ സേവനം താത്കാലികമായി തുടരാൻ ആവശ്യമായ നടപടി സ്വീകരിച്ചുവെന്ന് കളക്ടർ എസ്. സുഹാസ് പറഞ്ഞു. പ്രവാസികൾക്ക് യാത്ര ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ ആണ് സർവീസ് തുടരുന്നത്. കൂടുതൽ ടാക്സി വാഹനങ്ങളും എയർപോർട്ടിൽ പ്രവർത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
ദിവസേന നടത്തുന്ന പരിശോധനകളുടെ എണ്ണം വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്. ലക്ഷദ്വീപിന് കീഴിലുള്ള ആർ. ടി പി സി ആർ പരിശോധന യൂണിറ്റ് മെഡിക്കൽ കോളേജിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നു വരികയാണ്. ട്രൂ നാറ്റ് പരിശോധന കൂടുതൽ ആയി നടത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കളക്ടർ നിർദേശം നൽകി.
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ആയ അഡ്ലക്സിൽ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ബെഡുകൾ ക്രമീകരിക്കും. നൂറോളം പേർക്ക് കൂടി ആവശ്യമായ സൗകര്യങ്ങൾ അഡ്ലക്സിൽ നിലവിൽ ഉണ്ട്. സിയാൽ കൺവെൻഷൻ സെന്ററിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സംവിധാനം ആരംഭിക്കാൻ ഉള്ള നടപടികൾ സ്വീകരിക്കും. ഞാറക്കൽ അമൃത ആശുപത്രി ജൂലൈ ആദ്യ വാരം ആരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 35ബെഡുകളും 7 ഐ. സി. യു വുമാണ് അവിടെയുള്ളത്.
നിയോജക മണ്ഡലങ്ങളിൽ ഉള്ള കോവിഡ് പ്രതിരോധ സംവിധാനങ്ങൾ വിലയിരുത്താൻ എം. എൽ. എ മാരുടെ അധ്യക്ഷതയിൽ വരും ദിവസങ്ങളിൽ യോഗം ചേരാൻ നിർദേശം നൽകും . പഞ്ചായത്ത് പ്രസിഡന്റുമാർ, തഹസിൽദാർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കണം.
ജില്ലയിൽ ഇതു വരെ കോവിഡ് സ്ഥിരീകരിച്ചവരിൽ 9% പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. സംസ്ഥാന ശരാശരിയേക്കാൾ താഴെ ആണിത്.
വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാൻ കൂടുതൽ സ്വകാര്യ ആംബുലൻസുകൾ ഉപയോഗിക്കും.
ഡി. സി. പി ജി പൂങ്കുഴലി, സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. കെ. കുട്ടപ്പൻ, ദേശിയ ആരോഗ്യ ദൗത്യം ജില്ലാ പ്രോജക്ട് ഓഫീസർ ഡോ. മാത്യൂസ് നുമ്പേലി തുടങ്ങിയവർ വീഡിയോ കോൺഫെറെൻസിൽ പങ്കെടുത്തു.