അങ്കമാലി : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന കുടുംബശ്രീ മിഷന്‍ സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന ഒരുമയ്ക്ക് ഒരു കുട അകലം കാംമ്പയിന്റെ ബ്ലോക്ക്തല ഉദ്ഘാടനം മൂക്കന്നൂരില്‍ ബെന്നി ബഹ്നാന്‍ എം.പി. നിര്‍വ്വഹിച്ചു. കുടുംബശ്രീ മിഷനില്‍ അംഗങ്ങളായവര്‍ക്ക് അയല്‍ക്കൂട്ടങ്ങള്‍ വഴി കുടകള്‍ നൽകും. അംഗങ്ങള്‍ കുടയുടെ വില 12 ആഴ്ചകളായി അയല്‍ക്കൂട്ടങ്ങളില്‍ തിരിച്ചടച്ചാല്‍ മതിയാകും. കുടുബശ്രീ അംഗങ്ങളെല്ലാം മറ്റുള്ളവരുമായി ഒരു കുടയുടെ അകലം പാലിച്ച് കൊറോണ വൈറസിനെ അതിജീവിക്കുമെന്നാണ് കാംമ്പയിന്‍ കൊണ്ട് ലക്ഷ്യമിടുന്നത്.
റോജി എം.ജോണ്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി.എം വര്‍ഗ്ഗീസ്, ഗ്രേസ്സി റാഫേല്‍, കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ദിവ്യ ജി നായര്‍, സി.ഡി.എസ് പ്രസിഡന്റ് ലാലി ആന്റു, വൈസ് പ്രസിഡന്റ് ലിസ്സി ജെയിംസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.സി പൗലോസ്, എം.പി. ഔസേഫ്, സൂസണ്‍ ഏല്യാസ് എന്നിവര്‍ പ്രസംഗിച്ചു.