പതിമൂന്നാം പദ്ധതിയുമായി ബന്ധപ്പെട്ട്് 2018-19 വര്‍ഷത്തെ  ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി രൂപീകരണത്തിനായുള്ള ഗ്രാമസഭ ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്നു.  പദ്ധതി രൂപീകരണത്തില്‍ പുലര്‍ത്തേണ്ട സൂക്ഷ്മതയെക്കുറിച്ചും, ജില്ലയുടെ വികസനത്തിന് പുതിയ ദിശാബോധം നല്‍കുന്നതിന് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തേണ്ട ആവശ്യകതയെപറ്റിയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ സംസാരിച്ചു.   സര്‍ക്കാരിന്റെ പുതിയ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കപ്പെടുന്ന ജില്ലാ കര്‍മ്മ പദ്ധതിയിയിലെ ആശയങ്ങളുടെ ഒരു പുനരവതരണം ജില്ലാ പഞ്ചായത്തിന്റെ പദ്ധതി രൂപീകരണത്തിലും വരണമെന്നും അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.  പ്രായോഗികതയിലൂന്നിയ ആശയങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തായിരിക്കണം പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെടേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ പറഞ്ഞു. എണ്ണം കുറച്ചുകൊണ്ട് മുന്‍ഗണനാ ക്രമത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞാല്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ച് പദ്ധതികളുടെ നിര്‍വഹണം സൃഷ്ടിക്കുന്ന തലവേദന ഒഴിവാക്കാന്‍ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു.
തുടര്‍ന്ന് ജില്ലയുടെ വിവിധ മേഖലകളെ സംബന്ധിച്ച് ബ്ലോക്ക് അടിസ്ഥാനത്തില്‍ വിഷയസമിതികളുടെ കൂടിയാലോചനാ യോഗങ്ങള്‍ നടന്നു.  വ്യത്യസ്ത യോഗങ്ങില്‍ നിന്നും ഉരുത്തിരിഞ്ഞ ആശയങ്ങളുടെ ക്രോഡീകരണം ഓരോ വിഷയസമിതിയുടേയും അധ്യക്ഷന്മാര്‍ അവതരിപ്പിച്ചു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, സ്റ്റാന്‍ഡിംഗ്  കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.പി.ഉഷ, ഷാനവാസ് പാദൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ കേളു പണിക്കര്‍, ജോസ് പതാലില്‍, മുംതാസ് സമീറ, അഡ്വ.കെ.ശ്രീകാന്ത്, ഡോ. വി.പി.പി.മുസ്തഫ, ഇ. പത്മാവതി, പി.സി. സുബൈദ, പുഷ്പ അമേക്കള, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ്  കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍ സ്വാഗതവും, ജില്ലാ പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ ഷംനാദ്.എം.എം നന്ദിയും പറഞ്ഞു.