തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ കീം പരീക്ഷയില്‍ പങ്കെടുത്ത 2 വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണം പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കുളത്തൂര്‍ പൊഴിയൂര്‍ കരിമ്പനവിളാകം സ്വദേശിയായ 19 വയസുള്ള വിദ്യാര്‍ത്ഥിനിയാണ് ഒരാള്‍. തൈക്കാട് ഗവര്‍ണമെന്റ് ട്രെയിനിങ് കോളേജിലെ ജനറല്‍ ഹാള്‍ ബിയിലാണ് ഈ വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതിയത്. പേരൂര്‍ക്കട, എ.കെ.ജി നഗര്‍ സ്വദേശി 18 കാരനായ വിദ്യാര്‍ത്ഥിയാണ് മറ്റൊരാള്‍. കരമന ഗവര്‍ണമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രത്യേക മുറിയില്‍ ഇന്‍വിജിലേറ്ററിന്റെയും 2 വോളന്റിയര്‍മാരുടെയും സാന്നിധ്യത്തിലാണ് പരീക്ഷ എഴുതിയത്.

കോട്ടന്‍ഹില്‍ സ്‌കൂളില്‍ മകനെ പരീക്ഷയ്ക്കായി എത്തിച്ച 47 വയസുള്ള മണക്കാട് മുട്ടത്തറ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രക്ഷകര്‍ത്താവ്.പരീക്ഷ കഴിയും വരെയും ഇദ്ദേഹം സ്‌കൂള്‍ പരിസരത്ത് ഉണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ തന്നെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഇദ്ദേഹത്തോടൊപ്പം സ്‌കൂള്‍ പരിസരത്ത് ഉണ്ടായിരുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും ജില്ല കളക്ടര്‍ അറിയിച്ചു.