തൃശ്ശൂർ: രാമവർമ്മപുരം കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 29 ബി, 30-ാം ബാച്ച് പോലീസ് സബ് ഇൻസ്‌പെക്ടർമാരുടെ ഇ-പാസ്സിങ് ഔട്ട് പരേഡ് ജൂലൈ 23  രാവിലെ 9 ന് അക്കാദമി തിങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ സല്യൂട്ട് സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, അക്കാദമി ഡയറക്ടർ ഡോ. ബി സന്ധ്യ, ഡിഐജി ട്രെയിനിങ് നീരജ് കുമാർ ഗുപ്ത തുടങ്ങിയവർ പങ്കെടുക്കും.

രാജ്യത്ത് ആദ്യമായാണ് ഓൺലൈനിൽ സബ് ഇൻസ്‌പെക്ടർമാർക്കായുള്ള പാസിംഗ് പരേഡ് നടത്തുന്നത്. 2019 മെയ് 13 നും ജൂലൈ അഞ്ചിനുമായി പരിശീലനം ആരംഭിച്ച രണ്ട് ബാച്ചുകൾ ആണ് പരിശീലനം പൂർത്തിയാക്കിയത്. ആദ്യ ബാച്ചിൽ 60 പേരും രണ്ടാം ബാച്ചിൽ 44 പേരും ഉണ്ട് ഇവരിൽ 14 പേർ വനിതകളാണ്. പരിശീലനം പൂർത്തിയാക്കിയ 104 പേരിൽ എംടെക്, എംഎഡ് യോഗത്യയുളള ഓരോരുത്തരും രണ്ട് എംബിഎ, എംസിഎ ബിരുദധാരികളും 4 ബിഎഡ് യോഗ്യതയുളളവരും 11 ബിടെക് യോഗ്യതയുളളവരും ബിരുദാനന്തരബിരുദമുളള 23 പേരുമുണ്ട്.

പാഠ്യപദ്ധതിയനുസരിച്ച് തീവ്രപരിശീലനം, മാനസികാരോഗ്യ ക്ലാസുകൾ, പൊതുപരീക്ഷകൾ, വിലയിരുത്തൽ എന്നിവയെല്ലാം ഇ-ലേണിങ് പദ്ധതിയിലൂടെ നടത്തി. അക്കാദമി സ്വന്തമായി വികസിപ്പിച്ച ഓൺലൈൻ ആപ്ലിക്കേഷനായ കെൽസ് എന്ന ഓൺലൈൻ മാധ്യമത്തിലൂടെ ആയിരുന്നു പഠനം. പദ്ധതിക്ക് 2017 ൽ സംസ്ഥാന സർക്കാരിന്റെ ഈ ഗവേർണൻസ് അവാർഡ് ലഭിച്ചിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സുത്യർഹമായ സേവനവും ഇവർ കാഴ്ചവെച്ചു. ഡ്യുട്ടിക്കിടയിലുള്ള ഇടവേളകളിൽ ഇൻഡോർ പരിശീലനവും, കായികക്ഷമത പരിശീലനങ്ങളും ഓൺലൈനായി കേരള പോലീസ് അക്കാദമി ഒരുക്കിയിരുന്നു.

പാസിംഗ് ഔട്ട് അടുത്തതോടെ പോലീസ് അക്കാദമിയിലേക്ക് മടക്കി വിളിച്ചു അവർക്ക് വീണ്ടും പരിശീലനം നൽകി. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരിശീലനം. പരേഡ് കേരള പോലീസ് അക്കാദമിയുടെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിൽ ലൈവായി പ്രദർശിപ്പിയ്ക്കും. www.facebook.com/keralapoliceacademythrissur എന്ന ലിങ്ക് വഴി പൊതുജനങ്ങൾക്കും കാണാനാകും.