‘ പുസ്തകോത്സവം മറൈന്‍ ഡ്രൈവിലെ പൂര്‍ണമായും ശീതികരിച്ച വമ്പന്‍ ഹാളില്‍; ഇരുന്നൂറോളംസ്റ്റാളുകള്‍
‘ ഒപ്പം ദിവസേന ഗംഭീര കലാപരിപാടികളും കേരളീയ, അറബിക്, ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ വിളമ്പു ഫുഡ് ഫെസ്റ്റും
കൊച്ചി: വാര്‍ഷികപരിപാടിയായി കേരള സര്‍ക്കാര്‍ തുടക്കമിടുന്ന കൃതി പുസ്തക- സാഹിത്യോത്സവത്തിന്റെ ഒന്നാം പതിപ്പ് ഇന്ന് (മാര്‍ച്ച് 1) വൈകീട്ട് 7 മണിക്ക് കൊച്ചി മറൈന്‍ഡ്രൈവിലെ പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരുടെ സഹകരണസംഘമായതിലൂടെ പുസ്തകപ്രസാധക രംഗത്ത് ആഗോള വിസ്മയവും കേരളത്തിന്റെ അഭിമാനവുമായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘമാണ് (എസ്പിസിഎസ്) സഹകരണ വകുപ്പിനു കീഴില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മേള സംഘടിപ്പിക്കുന്നത്.
കൊച്ചി ധരണി അവതരിപ്പിക്കുന്ന കേരളീയ നൃത്തരൂപങ്ങളുടെ അവതരണത്തോടെ, ഉത്സവസദൃശമായ ചടങ്ങുകള്‍ക്ക് വൈകീട്ട് 5 മണിക്ക് തുടക്കമാവും. സഹകരണ, ടൂറിസം, ദേവസ്വം വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനച്ചടങ്ങ് 7 മണിക്ക് ആരംഭിക്കും. പ്രൊഫ. എം. കെ. സാനു ഫെസ്റ്റിവല്‍ പ്രഖ്യാപനം നടത്തും. ജനറല്‍ കവീനര്‍ എസ്. രമേശന് സ്വാഗതമാശംസിക്കും. സഹകരണ വകുപ്പുമന്ത്രിയുടെ അധ്യക്ഷ പ്രസംഗത്തിനും ഫെസ്റ്റിവല്‍ രക്ഷാധികാരി എം. ടി. വാസുദേവന്‍ നായരുടെ ഫെസ്റ്റിവല്‍ സന്ദേശത്തിനും ശേഷമാണ് ഉദ്ഘാടനച്ചടങ്ങ്. ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലെ പുസ്തകക്കൂപ്പണുകളുടെ വിതരണോദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിര്‍വഹിക്കും. പ്രൊഫ. കെ. വി. തോമസ് എംപി പുസ്തകമേളയുടെ ഗൈഡ് പ്രകാശനം ചെയ്യും. എസ്പിസിഎസ് പ്രസിദ്ധീകരിക്കുന്ന ഇ എം എസിന്റെ നിയമസഭാ പ്രഭാഷണങ്ങളുടെ ഒന്നാം വാല്യത്തിന്റെ പ്രകാശനം മുന്‍ സാംസ്കാരിക വകുപ്പ് മന്ത്രി എം. എ. ബേബി നിര്‍വഹിക്കും. മേയര്‍ സൗമിനി ജയിന്, ഹൈബി ഈഡന് എംഎല്‍എ, ജോണ്‍ ഫെര്‍ണാണ്ടസ് എംഎല്‍എ, മലയാള മനോരമ എഡിറ്റര്‍ ഫിലിപ്പ് മാത്യു, മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ എം. പി. വീരേന്ദ്രകുമാര്‍, മേളയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഷാജി എന്‍. കരുണ്‍, ജിസിഡിഎ ചെയര്മാന് സി. എന്‍. മോഹനന്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ. വി. കുഞ്ഞുക്കൃഷ്ണന്‍, എസ്പിസിഎസ് പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന് എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും. കേരള സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ജി. സജിത് ബാബു ഐഎഎസ് നന്ദി രേഖപ്പെടുത്തും.
മറൈന്‍ ഡ്രൈവില്‍ സജ്ജീകരിക്കുന്ന 425 അടി നീളവും 100 അടി വീതിയുമുള്ള ആഗോളനിലവാരമുള്ളതും ജര്‍മന്‍ നിര്‍മിതവുമായ ശീതികരിച്ച ഹാളിലാണ് പുസ്തകമേള അരങ്ങേറുക. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്ര മികച്ച രീതിയില്‍ ഒരു പുസ്തകമേള സംഘടിപ്പിക്കുപ്പെടുന്നത്.
ജനറല്‍ – ഇംഗ്ലീഷ്, ജനറല്‍ – മലയാളം, സയന്‍സ് ടെക്നോളജി അക്കാദമിക്, കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ എന്നിങ്ങനെ നാല് വിഭാഗത്തിലായി ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള എണ്‍പതോളം പ്രസാധകര് നേരിട്ടെത്തുന്ന വമ്പന്‍ പുസ്തകമേളയ്ക്കാണ് കൊച്ചി സാക്ഷ്യം വഹിക്കുക. പെന്ഗ്വിന് റാന്‍ഡംഹൗസ്, വൈലി, ഹാര്‍പര്‍ കോളിന്‍സ്, പെര്‍മനന്റ് ബ്ലാക്ക്, ആമസോ വെസ്റ്റ്ലാന്‍ഡ്, പാന്‍ മാക്മില്ലന്‍, ഓറിയന്റ് ബ്ലാക്ക്സ്വാന്‍, ഗ്രോളിയര്‍, സ്കോളാസ്റ്റിക്, ഡക്ബില്‍, അമര്‍ചിത്രകഥ, ചില്‍ഡ്രന്‍സ് ബുക്സ് ട്രസ്റ്റ് തുടങ്ങിയവര്‍ക്കൊപ്പം കേരളത്തിലെ മിക്കവാറും എല്ലാ പ്രസാധകരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. കുട്ടികളുടെ വിഭാഗത്തില്‍ മാത്രം ഒന്നരലക്ഷത്തോളം പുസ്തകങ്ങളുണ്ടാകും. ഇരുന്നൂറോളം സ്റ്റാളുകളിലായി പ്രസാധകര്‍ക്കൊപ്പം കേരളത്തിലെ സഹകരണമേഖലയില്‍ നിന്നുള്ള തിളങ്ങുന്ന നാമങ്ങളായ ദിനേശ്, റെയ്ഡ്കോ, പള്ളിയാക്കല്‍, ഊരാളുങ്കല്‍ എന്നീ സ്ഥാപനങ്ങളും എസ്എസ് സി ഫെഡറേഷന്റെ ആയുര്‍ധാര, കേരള മീഡിയാ അക്കാദമി, ടൂറിസം വകുപ്പ്, മുസിരിസ് ഹെറിറ്റേജ് പദ്ധതി, ആര്‍ക്കൈവസ് വകുപ്പ് എന്നിവയും മേളയിലുണ്ടാകും.
മേള നടക്കുന്ന ഹാളിനകത്തെ ചുവരുകള്‍ സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ മലയാളത്തിലെ മണ്മറഞ്ഞ 250-ല്‍പ്പരം എഴുത്തുകാരുടെ ഛായാചിത്രങ്ങളാലും വിശദീകരണകുറിപ്പുകളാലും അലങ്കരിക്കും. ഈ എഴുത്തുകാരുടെ ശബ്ദശകലങ്ങള്‍ കേള്‍ക്കുവാനുള്ള സൗകര്യവും ഹാളില്‍ ഒരുക്കും. പുസ്തകപ്രകാശനം, ചര്‍ച്ചകള്‍, വായന എന്നിവയ്ക്കായി 150 പേര്‍ക്കിരിക്കാവുന്ന വേദിയും കുട്ടികള്‍ക്കുള്ള പരിപാടികള്‍ക്കായി നൂറോളം പേര്‍ക്കിരിക്കാവുന്ന വേദിയും പ്രത്യേകം സജ്ജീകരിക്കും. കാരുണ്യം കാര്‍ട്ടൂണിലൂടെ എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന കാരിക്കേച്ചര്‍ കോര്‍ണറില്‍ സന്ദര്‍ശകരുടെ കാരിക്കേച്ചറുകള്‍ വരച്ചു നല്‍കുന്നതിലൂടെ സമാഹരിക്കുന്ന തുക ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ നിധിയിലേയ്ക്ക് കൈമാറും. മേള നടക്കുന്ന ദിവസങ്ങളില്‍ അമ്പതിലേറെ പുസ്തകങ്ങളും പ്രകാശനം ചെയ്യപ്പെടും.
മലയാളസാഹിത്യത്തിന്റെ ഇതിഹാസഭൂമിയായ തസ്രാക്കില്‍ നിന്നുള്ള ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനവും ചിത്രകാരന് കെ. ജി. ബാബു വരച്ച അമ്പതോളം സാഹിത്യകാരന്മാരുടെ ഛായാചിത്രങ്ങളുടെ പ്രദര്‍ശനവും ഹാളില്‍ നടക്കും. കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പും ഉണ്ടായിരിക്കും. ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയിലൂടെ സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ വരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന 250 രൂപയുടെ വീതമുള്ള 1 കോടി രൂപ മതിക്കുന്ന കൂപ്പണുകള്‍ മാറ്റി പുസ്തകം വാങ്ങാനുള്ള സൗകര്യം വിവിധ സ്റ്റാളുകളില്‍ ലഭ്യമാകും. കുട്ടികള്‍ക്ക് നല്‍കാനുള്ള കൂപ്പണുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വാങ്ങാനുള്ള സൗകര്യവും പ്രവേശന കവാടത്തില്‍ ഒരുക്കും.
പുസ്തകമേള നടക്കു ഹാളിനുന്ന പുറത്ത് ഇരുവശത്തുമായി സജ്ജീകരിക്കു വേദികളില്‍ 1500-പേര്‍ക്കിരിക്കാവു ഒരിടത്ത് പത്തു ദിവസവും വൈകുന്നേരം കലാമണ്ഡലം ഗോപിയാശാന്, ഉഷാ നങ്ങ്യാര്‍, ഡോ. എം. ചന്ദ്രശേഖരന്, ടി. എം. കൃഷ്ണ മുതല്‍ ദേബാഞ്ജന്‍ ചാറ്റര്‍ജി, അഗം ബാന്‍ഡ് തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന അതിഗംഭീര കലാപരിപാടികളും മറ്റൊരിടത്ത് രാവിലെ 11 മുതല്‍ രാത്രി 9 വരെ രാമശ്ശേരി ഇഡലി മുതലുള്ള തനത് കേരളീയ വിഭവങ്ങളും ഉത്തരേന്ത്യന്‍, അറേബ്യന്‍ വിഭവങ്ങളും വിളമ്പുന്ന ഫുഡ് ഫെസ്റ്റും അരങ്ങേറും.