കലക്ടര്‍ കേന്ദ്രം സന്ദര്‍ശിച്ചു

കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി ഏറ്റെടുത്ത അഞ്ചരക്കണ്ടി മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സൗകര്യങ്ങള്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി. ജില്ലയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുരന്ത നിവാരണ നിയമ പ്രകാരം എംഐടി എഞ്ചിനീയറിംഗ് കോളേജ് കലക്ടര്‍ ഏറ്റെടുത്തത്. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുമായി ചേര്‍ന്നാണ്  ഈ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ പ്രവര്‍ത്തിക്കുക.

കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കാറ്റഗറി എയില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് ഇവിടെ ചികിത്സിക്കുക. അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്നും 200 മീറ്റര്‍ ദൂരപരിധിയിലുള്ള എം ഐ ടി ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററില്‍
500 രോഗികള്‍ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇവര്‍ക്കായി സെമി ഫോള്‍ഡബിള്‍ കട്ടിലുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പുരുഷന്മാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്കായി മൂന്ന് വാര്‍ഡുകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ഡോക്ടര്‍മാര്‍, 20 നഴ്‌സുമാര്‍, 15 ക്ലീനിങ്ങ് സ്റ്റാഫുകള്‍ എന്നിവരുടെ സേവനം ആവശ്യമായി വരുമെന്നും മുഴുവന്‍ സമയവും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുമെന്നും അഞ്ചരക്കണ്ടി കൊവിഡ് ചികില്‍സാ കേന്ദ്രം നോഡല്‍ ഓഫീസര്‍ ഡോ. അജിത് കുമാര്‍ പറഞ്ഞു.

ഗുരുതര ആരോഗ്യ പ്രശ്‌നമുള്ള രോഗികളെ ഉടന്‍ തന്നെ അഞ്ചരക്കണ്ടി  കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റുന്നതിനാവശ്യമായ സജ്ജീകരണങ്ങളും  ഒരുക്കിയിട്ടുണ്ട്. രോഗികളെ നിരീക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പ് വരുത്തുന്നതിനും സി സി ടി വി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗികളുടെ മാനസിക ഉല്ലാസത്തിനായി ടെലിവിഷന്‍, വൈ ഫൈ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. നിലവിലുള്ള ടോയ്‌ലറ്റുകള്‍ കൂടാതെ 24 ബയോടോയ്‌ലറ്റുകളും ഇവിടെ സജീകരിച്ചിട്ടുണ്ട്.
ജില്ലാ കലക്ടര്‍ക്കൊപ്പം സബ് കലക്ടര്‍ എസ് ഇലാക്യ, അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, തഹസില്‍ദാര്‍ സി വി പ്രകാശന്‍, ഡോ. അജിത് കുമാര്‍ തുടങ്ങിയവരും ഉണ്ടായിരുന്നു.