ജനങ്ങള്‍ക്ക് ഒപ്പം നിന്ന് അവരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണുന്നു: മന്ത്രി കെ.രാജു
കോവിഡ്, പ്രളയം, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായപ്പോഴും ജനങ്ങളോടൊപ്പം നിന്ന് അവരുടെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാറിന് കഴിഞ്ഞതായി വനം വന്യജീവി വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു.
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ പുതിയതായി നിര്‍മിച്ച ഓഫീസ് മന്ദിരത്തിന്റെയും പുതിയ മൃഗാശുപത്രി മന്ദിരത്തിന്റെയും നവീകരിച്ച സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 
ഈ സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യ, വിദ്യാഭ്യാസ, അടിസ്ഥാന സൗകര്യ വികസനങ്ങളില്‍ ഉള്‍പ്പെടെ മാതൃകാ പരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. സംസ്ഥാനത്ത് മൃഗാശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തി.  മൃഗാശുപത്രിക്കായി സ്വന്തമായി സ്ഥലമുള്ള ഇടങ്ങളിലെല്ലാം സൗകര്യങ്ങളോടു കൂടിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു വരുന്നു. സാധാരണക്കാരന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് ക്ഷീര മേഖലയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. വരുന്ന മൂന്ന് മാസം കൊണ്ട് പാല്‍ ഉത്പാദനത്തില്‍ സംസ്ഥാനത്തിന് സ്വയം പര്യാപ്തത കൈവരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീതാ രമേശ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  അഡ്വ. ആര്‍.ബി. രാജീവ്കുമാര്‍, ബി.സതികുമാരി, എനാദിമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. രാജ്പ്രകാശ്, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീജ സുധാകരന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അശോക് കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബി. ദീപ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. രാജഗോപാലന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.