തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ നിലവിൽ അഞ്ചു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

പേട്ട വില്ലേജിൽ രണ്ടു കുടുംബങ്ങളേയും ചിറയിൻകീഴ് മൂന്നു കുടുംബങ്ങളേയുമാണ് മാറ്റിപ്പാർപ്പിച്ചത്. വെള്ളക്കെട്ട് ഒഴിവാക്കുന്ന നടപടികളുടെ ഭാഗമായി പൊഴി മുറിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. കടൽക്ഷോഭവും ശക്തമായ വേലിയേറ്റവും മൂലം ഇതിനു തടസം നേരിടുന്നുണ്ട്. മഴ ശക്തമായി തുടരുന്നുണ്ടെങ്കിലും ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അടിയന്തര നടപടികൾക്കു ജില്ലാ ദുരന്ത നിവാരണ അതോറിട്ടി പൂർണ സജ്ജമാണെന്നും കളക്ടർ അറിയിച്ചു.