എറണാകുളം : അയ്യമ്പുഴ ചെന്നേക്കാടൻ വീട്ടിൽ വർഗീസിന്റെയും മൂക്കന്നൂർ വെട്ടിക്കാട് വീട്ടിൽ വി. കെ സുബ്രന്റെയും 50 വർഷത്തോളം നീണ്ട പട്ടയ കാത്തിരുപ്പിന് സഫലം അദാലത്തിൽ അവസാനം. ഇരുവർക്കും പട്ടയം അനുവദിച്ചു കൊണ്ട് ഉത്തരവായി. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ നടന്ന ആലുവ താലൂക്കിലെ ഓൺലൈൻ പരാതി പരിഹാര അദാലത്ത് വഴിയാണ് ഇരുവർക്കും പട്ടയം അനുവദിച്ചത്. വിവിധ അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ആയാണ് അദാലത്ത് സംഘടിപ്പിച്ചത്.

റീസർവ്വേ പിശക് തിരുത്തലുമായി ബന്ധപ്പെട്ട് മാഞ്ഞാലി വീട്ടിൽ മനോജ്‌ ഡേവിഡിന് വേണ്ടി ഹാജരായ സഹോദരൻ ജീസൺ ജോസിന്റെ പരാതിക്കും അദാലത്തിൽ പരിഹാരം കണ്ടു. ഇദ്ദേഹത്തിന്റെ റിവയ്‌സ്ഡ് റെക്കോർഡുകൾ തയ്യാറാക്കി അംഗീകരിച്ചു നൽകി.
19 പരാതികൾ ആണ് അദാലത്തിൽ ആകെ പരിഗണിച്ചത്. 12 പരാതികൾ തീർപ്പാക്കി.

അദാലത്തിൽ എ. ഡി. എം സാബു കെ ഐസക്, ആലുവ തഹസിൽദാർ പി. എൻ അനി, എൽ. ആർ തഹസിൽദാർ കെ. എസ് പരീദ്, ഹുസൂർ ശിരസ്തിദാർ ജോർജ് ജോസഫ്, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ കെ ശ്യാമ, ഐ. ടി മിഷൻ ഡി. പി. എം വിഷ്ണു കെ. മോഹൻ, തുടങ്ങിയവരും പങ്കെടുത്തു.


ഫോട്ടോ: ആലുവ താലൂക്കിലെ സഫലം പരാതി പരിഹാര അദാലത്തിൽ എ. ഡി. എം സാബു കെ. ഐസക് പരാതികൾ കേൾക്കുന്നു