പാലക്കാട്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം പരിഗണിച്ച് മാങ്ങോട് കേരള മെഡിക്കല്‍ കോളെജ് കോവിഡ് ആശുപത്രിയാക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഓക്സിജന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയ മാങ്ങോട് കേരള മെഡിക്കല്‍ കോളേജ് സെപ്റ്റംബര്‍ 16 മുതല്‍ പൂര്‍ണമായും കോവിഡ് ചികിത്സാകേന്ദ്രമായി മാറും. നിലവില്‍ ഇത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായാണ് പ്രവര്‍ത്തിക്കുന്നത്. മാങ്ങോട് കേരള മെഡിക്കല്‍ കോളെജ് കോവിഡ് ആശുപത്രിയാവുന്നതോടെ പാലക്കാട് ഗവ. മെഡിക്കല്‍ കോളെജിലെയും മറ്റും അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാനാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട മന്ത്രിമാരായ എ.കെ ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ പട്ടാമ്പി ഉള്‍പ്പെടെ ഏഴു ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. വലിയങ്ങാടിയിലെ കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ച ശേഷം പ്രദേശത്തെ ക്ലസ്റ്റര്‍ ആക്കണോയെന്ന വിഷയത്തില്‍ തീരുമാനമെടുക്കും. രോഗികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ ആന്റിജന്‍ പരിശോധനയ്ക്ക് വിമുഖത കാണിക്കുന്ന നിലപാട് തിരുത്തണമെന്നും ഇത്തരം പരിശോധനകള്‍ രോഗവ്യാപനതോത് കുറയ്ക്കാന്‍ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രോഗികളുടെ എണ്ണം കൂടാതിരിക്കാന്‍ എല്ലാവരും സ്വയം പരിശോധനയ്ക്ക് വിധേയമാകണമെന്നും രോഗമുക്തി നിരക്ക് കൂട്ടുകയും മരണ നിരക്ക് കുറക്കുകയും ചെയ്യാന്‍ പരിശ്രമിക്കുക മാത്രമാണ് പോംവഴിയെന്നും മന്ത്രി ഓര്‍മിപ്പിച്ചു. പത്രസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പങ്കെടുത്തു.
അട്ടപ്പാടിയിലെ ആദ്യ എഫ്.എല്‍.ടി.സി എ.പി.ജെ അബ്ദുള്‍കലാം ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ ആരംഭിക്കും
അട്ടപ്പാടിയിലെ ആദ്യ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരാഴ്ചക്കകം പ്രവര്‍ത്തനമാരംഭിക്കും. അട്ടപ്പാടിയിലെ എ.പി.ജെ അബ്ദുള്‍കലാം ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സെന്റര്‍ ആരംഭിക്കുന്നത്. ഇവിടെ 120 ബഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ അട്ടപ്പാടിയില്‍ 44 പോസിറ്റീവ് കേസുകളാണ് ഉള്ളത്. 326 പേര്‍ നിരീക്ഷണത്തിലാണ്. മേഖലയില്‍ ആന്റിജന്‍ പരിശോധന പുരോഗമിക്കുന്നുണ്ട്. മുന്‍നിയന്ത്രണങ്ങളില്‍ ഉണ്ടായ ഇളവും പ്രദേശത്തേക്ക് അനധികൃതമായി ആളുകള്‍ കടക്കുന്നതും രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അട്ടപ്പാടിയില്‍ പൊലീസ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി അറിയിച്ചു.
കിന്‍ഫ്ര പാര്‍ക്കിലെ എഫ്.എല്‍.ടി.സി പ്രവര്‍ത്തനമാരംഭിച്ചു
കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലെ എഫ്.എല്‍.ടി.സി പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. നിലവില്‍ 250 കിടക്കകളാണ് സജ്ജമായിരിക്കുന്നത്. 1000 പേര്‍ക്ക് ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. കാറ്റഗറി ബി.യില്‍ ഉള്‍പ്പെട്ട മറ്റ് രോഗങ്ങള്‍ (പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവ) ഉള്ളവരെയാണ് ഇവിടേക്ക് മാറ്റുക.
രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് വീടുകളില്‍ റൂം ക്വാറന്റൈന്‍
രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ റൂം ക്വാറന്റൈനില്‍ ചികിത്സയ്ക്ക് വിധേയമാകാം. നിലവിലെ മാനദണ്ഡമനുസരിച്ച് വീടുകളില്‍ ഐസോലേഷന്‍ ഒരുക്കി കണ്ടെയ്ന്‍മെന്റ് ചെയ്യാന്‍ സാധിക്കും. ഇവര്‍ക്ക് ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സഹായം ലഭ്യമാകും. കോവിഡ് രോഗലക്ഷണം പ്രകടിപ്പിച്ചാല്‍ ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.
സ്വകാര്യ ആശുപത്രി ഉടമകളുമായി ചര്‍ച്ച നടത്തും
ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സക്കായി 10 ശതമാനം ബെഡുകള്‍ മാറ്റിവെക്കണമെന്നും ഇതിനായി ഉടമകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ മാത്രമാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നത്.
ആന്റിവൈറല്‍ മരുന്ന് കൂടുതല്‍ ലഭ്യമാക്കാന്‍ നടപടി
കോവിഡ് ചികിത്സയ്ക്കായുള്ള റെമിഡിസിവര്‍ ആന്റിവൈറല്‍ മരുന്ന് കൂടുതല്‍ ലഭ്യമാക്കുന്നതിനായി എസന്‍ഷ്യല്‍ ഡ്രഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
119 കൊയ്ത്ത് യന്ത്രങ്ങള്‍ എത്തി;
തൊഴിലാളികളെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണം
ജില്ലയില്‍ നിലവില്‍ 119 കൊയ്ത്ത് യന്ത്രങ്ങള്‍ എത്തിയതായും കൊയ്ത്തുമായി ബന്ധപ്പെട്ട് ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന തൊഴിലാളികളെ കോണ്‍ട്രാക്ടര്‍മാരുടെ ചെലവില്‍ നിര്‍ബന്ധമായും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണം. ഇത്തരത്തില്‍ രോഗമില്ലെന്ന നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇതിനുപുറമെ, പൊലീസും സര്‍ട്ടിഫിക്കറ്റ് പരിശോധിക്കും.
കൃഷിനാശം സംഭവിച്ചവര്‍ക്ക് സെപ്തംബര്‍ 20 വരെ അപേക്ഷ നല്‍കാം.
മഴകെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ മൂന്ന് കോടിയുടെ നഷ്ടമാണ് ഇതുവരെ കണക്കാക്കിയത്. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് സെപ്തംബര്‍ 20 വരെ അപേക്ഷ നല്‍കാം. കൂടാതെ, 2019 ഡിസംബര്‍ 31 വരെ ജില്ലയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് 11,01,84731 രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.
ഓണക്കിറ്റ് വിതരണം 95 ശതമാനം പൂര്‍ത്തിയായി
ഓണക്കിറ്റ് വിതരണം 95 ശതമാനം പൂര്‍ത്തിയായതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. വരുന്ന നാല് മാസങ്ങള്‍ കൂടി എട്ട് ഇനങ്ങളടങ്ങിയ ഭക്ഷ്യക്കിറ്റ് പരാതികള്‍ ഇല്ലാതെ നല്‍കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. 756000 കാര്‍ഡുടമകള്‍ക്ക് കിറ്റ് ലഭിക്കുക. ആദിവാസികള്‍ക്കുള്ള സ്പെഷല്‍ കിറ്റ് ജില്ലയിലെ 9963 കുടുംബങ്ങള്‍ക്കായി വിതരണം പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.
തൊഴിലാളികള്‍ക്ക് ഓണക്കാല ധനസഹായം നല്‍കി
ജില്ലയിലെ അടഞ്ഞു കിടക്കുന്ന എസ്റ്റേറ്റുകള്‍, ഫാക്ടറികള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ തൊഴിലാളികള്‍ക്ക് ഓണക്കാല ധനസഹായമായി 2000 രൂപ വിതരണം ചെയ്തു. 2001 തൊഴിലാളികള്‍ക്ക് 2000 രൂപ വീതം 402000 രൂപയാണ് വിതരണം ചെയ്തത്. കൂടാതെ മരംകയറ്റ തൊഴിലാളികള്‍ക്ക് 1300 രൂപ പ്രകാരം 136 പേര്‍ക്ക് 176800 രൂപയും വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു.